ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ലെബനനും ഇസ്രായേലും തമ്മില്‍ നടന്ന ഏഴാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകളില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ട്
ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ലെബനനും ഇസ്രായേലും തമ്മില്‍ നടന്ന ഏഴാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകളില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ട്.
അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും തടവുകാരെ കൈമാറുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ ശുഭസൂചകമായ ധാരണയിലെത്തിയതായി വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, തടവുകാരുടെ മോചനം, സൈനിക പിന്മാറ്റത്തിനായുള്ള നിശ്ചിത പ്രദേശങ്ങള്‍ നിശ്ചയിക്കല്‍ എന്നിവയായിരുന്നു ചര്‍ച്ചയില്‍ മുന്നോട്ടുവച്ച പ്രധാന വിഷയങ്ങള്‍.
അമേരിക്കയുടെ മധ്യസ്ഥതയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ സൈനിക, രാഷ്ട്രീയ, നിയമപരമായ വശങ്ങള്‍ ഇരുവിഭാഗങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.
ഇരുരാജ്യങ്ങളും തടവുകാരുടെ പ്രാഥമിക പട്ടിക കൈമാറുകയും ആദ്യഘട്ട തടവുകാരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ലെബനന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി റെഡ് ക്രോസിന്റെ സഹായം തേടാനും ധാരണയായിട്ടുണ്ട്.
മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി നിശ്ചിത അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഘട്ടങ്ങളായി പിന്‍വലിക്കുന്ന കാര്യത്തിലും പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു.
ചര്‍ച്ചകളില്‍ പോസിറ്റീവായ പുരോഗതിയുണ്ടായതായി ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ വ്യക്തമാക്കിയതായി വത്തിക്കാന്‍ ന്യൂസ് ചൂണ്ടിക്കാട്ടുന്നു.
ബാക്കിയുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി യു.എസ് പ്രതിനിധികള്‍ ഉടന്‍ തന്നെ ബെയ്‌റൂട്ടിലെത്തി തുടര്‍ചര്‍ച്ചകള്‍ നടത്തും.