ചോദ്യം ചെയ്യപ്പെടുന്ന പാക് റെയിൽവേയുടെ സുരക്ഷ. ഈ മാസം മൂന്നാമത്തെ അപകടം

ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ യാത്രാ ട്രെയിൻ പാളം തെറ്റി ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെഷവാറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന അവാം എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് ലോധ്രാൻ ജില്ലയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.”അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്,” ലോധ്രാൻ ഡെപ്യൂട്ടി കമ്മീഷണർ ലുബ്ന നസീർ മാധ്യമങ്ങളോട് പറഞ്ഞു.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം രക്ഷാപ്രവർത്തനം പൂർത്തിയായെന്നും റെയിൽവേ അധികൃതർ പാളം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ലുബ്ന അറിയിച്ചു.
ഈ മാസം പഞ്ചാബിൽ നടക്കുന്ന മൂന്നാമത്തെ ട്രെയിൻ പാളം തെറ്റൽ സംഭവമാണിത്. ഓഗസ്റ്റ് 11 ന് മുൾട്ടാനിലേക്കുള്ള യാത്രാമധ്യേ മുസ പാക് എക്സ്പ്രസ് പാളം തെറ്റി അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ, ഇസ്ലാമാബാദ് എക്സ്പ്രസ് പാളം തെറ്റിയതിനെ തുടർന്ന് 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.