അപകടത്തില്‍ പെട്ട സ്‌കൂട്ടറിന്റെ സീറ്റ് തെറിച്ചു; പുറത്തുവന്നത് പുള്ളിമാന്റെ തോല്‍, രണ്ട് പേര്‍ അറസ്റ്റില്‍

 
pulliman


കോവളം: പുള്ളിമാന്റെ തോലുമായി രണ്ടുയുവാക്കളെ വനപാലകര്‍ അറസ്റ്റുചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പില്‍ വീട്ടില്‍ ജിത്തു എന്ന ഗോകുല്‍ (31), വെങ്ങാനൂര്‍ ചരുവിള അനന്തുഭവനില്‍ അനന്തു (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഗോകുല്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ഭാഗത്ത് വച്ച് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.30-ന് അപകടത്തില്‍പ്പെട്ടിരുന്നു. സ്‌കൂട്ടറിന്റെ സീറ്റ് ഊരിത്തെറിച്ചപ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന മാന്‍തോല്‍ റോഡില്‍ വീഴുകയായിരുന്നു.

അപകടസ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഇക്കാര്യം കോവളം പോലീസിനെ അറിയിച്ചു. എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയതോടെ അപകടത്തില്‍ മുഖത്ത് പരിക്കേറ്റ ഗോകുല്‍ രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയിലെത്തി ചികിത്സതേടി.


സംഭവമറിഞ്ഞ് വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗോകുലിനെയും റോഡിലുണ്ടായിരുന്ന മാന്‍തോലും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളുടെ സുഹൃത്തായ അനന്തുവിനെയും കസ്റ്റഡിയിലെടുത്തു.


ജഗതിയിലെ ഒരുവീട്ടില്‍ നിന്ന് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെട്ട സാമഗ്രികള്‍ മാറ്റുന്നതിനിടയിലാണ് മാന്‍തോല്‍ കണ്ടതെന്നും കൗതുകത്തെ തുടര്‍ന്ന് അവിടെ നിന്നെടുത്ത് സുഹൃത്തായ ഗോകുലിന്റെ സ്‌കൂട്ടറിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് അനന്തുനല്‍കിയ മൊഴി. 

സംഭവത്തില്‍ വേറെ ആരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികളെ വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍ വി. വിപിന്‍ ചന്ദ്രന്‍, വനപാലകരായ പ്രദീപ്, ജിജിമോള്‍, വിഷ്ണു, രമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Tags

Share this story

From Around the Web