മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരുന്നു; സ്കൂബ സംഘത്തിന്റെ പരിശോധന താത്കാലികമായി നിർത്തിവെച്ചു

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിൻ, ജോൺ എന്നിവരെ കണ്ടെത്താനുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥയും കടൽ പ്രക്ഷുബ്ധമായ സാഹചര്യവും കാരണം മുതലപ്പൊഴിയിലെ സ്കൂബ സംഘത്തിന്റെ തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.

ജൂലൈ 31-നാണ് ഷിജിനെയും ജോണിനെയും കടലിൽ കാണാതായത്. ഷിജിനെ കണ്ടെത്താനായി മറൈൻ ആംബുലൻസും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രാവിലെ തന്നെ തിരച്ചിലിനായി ഇറങ്ങിയിരുന്നു. പൊഴി ഭാഗത്തും പരിശോധന നടത്തണമെന്ന് ഷിജിന്റെ കുടുംബം ശക്തമായി ആവശ്യപ്പെട്ടിരുന്നു. മുങ്ങൽ വിദഗ്ധർ എത്തുമെന്ന് മന്ത്രി നേരിട്ട് ഉറപ്പുനൽകിയതിനെ തുടർന്ന്, അവരെ സഹായിക്കാൻ പുലർച്ചെ തന്നെ മത്സ്യത്തൊഴിലാളികളും സ്ഥലത്ത് എത്തിയിരുന്നു.

എന്നാൽ ഉച്ചയ്ക്ക് 12 മണിവരെ സ്കൂബ സംഘം എത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഫിഷറീസ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് നാലംഗ സ്കൂബ സംഘത്തെ എത്തിച്ചത്. ഇവർ അരമണിക്കൂറോളം കടലിൽ പരിശോധന നടത്തിയെങ്കിലും കടൽ അതിയായി പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ തുടരാനാകാതെ അവസാനിപ്പിക്കുകയായിരുന്നു. ഈ മാസം അഞ്ചിനും സമാനമായ രീതിയിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് സ്കൂബ സംഘത്തിന്റെ തിരച്ചിൽ നിർത്തിവെച്ചിരുന്നു.

വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തെരച്ചിലും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ തെക്ക് തമിഴ്നാട് തീരം വരെയും, കൊച്ചിയിൽ നിന്നെത്തിയ വ്യോമസേനയുടെ ഹെലികോപ്റ്ററും ധീര റെസ്ക്യൂ ബോട്ടും സജീവമായി തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

Tags

Share this story

From Around the Web