ചുട്ടുപൊള്ളി സംസ്ഥാനം; ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്നും മദ്യം, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും അതോറിറ്റി ഓര്‍മ്മിപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, നിര്‍മ്മാണ മേഖല എന്നിവര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. കുട്ടികള്‍ക്ക് വെയിലേല്‍ക്കുന്ന തരത്തിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും സ്‌കൂളുകള്‍ ഒഴിവാക്കണം.
തൊഴിലുറപ്പ് തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ എന്നിവരുടെ ജോലി സമയം ക്രമീകരിക്കാനും വിശ്രമം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയിലുള്ളവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.