അസംബ്ലി നയിച്ച ആ ഉന്മേഷം ഇനി ഓർമ്മ, പാർഥിപിന്റെ വിയോഗം താങ്ങാനാവാതെ വിദ്യാലയവും കുടുംബവും
കൊട്ടാരക്കര: തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ നിറസാന്നിധ്യമായിരുന്ന ആ കൊച്ചു മിടുക്കൻ ചൊവ്വാഴ്ച വൈകിട്ടോടെ ചേതനയറ്റ ശരീരമായി മാറിയെന്ന് വിശ്വസിക്കാനാവാതെ തകർന്നുനിൽക്കുകയാണ് കടലാവിള കാർമൽ റസിഡൻഷ്യൽ സ്കൂൾ. കൊട്ടാരക്കരയിലെ ടിപ്പർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി പാർഥിപ് (15) അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ടവനായിരുന്നു.
തിങ്കളാഴ്ച സ്കൂളിലെ അസംബ്ലി നയിച്ചത് പാർഥിപായിരുന്നു. പതിവിലും ഉത്സാഹത്തോടെ സ്കൂൾ കാര്യങ്ങളിൽ ഇടപെട്ടിരുന്ന അവൻ, പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മിടുക്കനായിരുന്നു. വായനയും പ്രസംഗവും ചെണ്ടമേളവും ഒരുപോലെ വഴങ്ങിയിരുന്ന പാർഥിപ്, എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന ശീലക്കാരനായിരുന്നു. എട്ടുമണിക്ക് തന്നെ സ്കൂളിലെത്തേണ്ടതുകൊണ്ട് അമ്മ ദിവ്യമോളാണ് പതിവുപോലെ ചൊവ്വാഴ്ച രാവിലെ പാർഥിപിനെ മുക്കോണിമുക്കിൽ എത്തിച്ചത്.
മുക്കോണിമുക്കിൽ അപകടം നടന്ന വാർത്ത അറിഞ്ഞതോടെ അമ്മ ദിവ്യ പരിഭ്രാന്തയായി സ്കൂളിലേക്ക് വിളിച്ചു. പാർഥിപ് എത്തിയിട്ടില്ലെന്ന അധ്യാപകരുടെ മറുപടി ഭീതി കൂട്ടി. ഉടൻ തന്നെ അധ്യാപകർ തിരച്ചിലിനിറങ്ങി. താലൂക്കാശുപത്രിയിലെത്തിയ അധ്യാപകർ കണ്ടത് ചികിത്സയിലുള്ളവരുടെ പട്ടികയിൽ അവനെ കാണാനില്ലാത്തതാണ്. ഒടുവിൽ മോർച്ചറിയിൽ അജ്ഞാത മൃതദേഹങ്ങളിൽ ഒന്നായി അവൻ കിടക്കുന്നത് കണ്ടപ്പോൾ ആ ഗുരുനാഥന്മാർക്ക് വിധിക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.
ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രദീപിന്റെയും ദിവ്യയുടെയും മകനാണ് പാർഥിപ്. വീട്ടിൽ എല്ലാവർക്കും 'ഹരി'യായിരുന്നു അവൻ. അനുജത്തി പാർവണയും അമ്മയും മുത്തശ്ശിയും അടങ്ങുന്നതായിരുന്നു അവന്റെ കൊച്ചു ലോകം. ഏക മകന്റെ വിയോഗവാർത്ത അറിഞ്ഞ് നിലവിളിച്ചു തളർന്ന അമ്മയെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു. ബുധനാഴ്ച രാവിലെ സ്കൂളിൽ പൊതുദർശനത്തിന് വെക്കുന്ന പാർഥിപിന്റെ ഭൗതികശരീരം പിന്നീട് വീട്ടിലെത്തിച്ച് സംസ്കരിക്കും.