റേഷന്‍ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ജനങ്ങള്‍ക്കു നേട്ടമാകും, പദ്ധതി നടപ്പായാല്‍ റേഷന്‍ വ്യാപാരികള്‍ക്കു അധിക വരുമാനം

 
ration store

കോട്ടയം: ഓണക്കാലത്ത് സപ്ലൈകോയുടെ വിപണി ഇടപെടല്‍ വന്‍ വിജയമായതോടെ റേഷന്‍ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയിലാണ്. റേഷന്‍ കടകളെ കെ സ്റ്റോറുകളാക്കി മാറ്റിയവര്‍ക്കു പദ്ധതി നേട്ടമാണ്.

റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമേ സപ്ലൈക്കോ ഉല്‍പ്പന്നങ്ങള്‍ കൂടി ലഭിക്കുന്നതിനോട് ജനങ്ങള്‍ക്കും യോജിപ്പാണ്. എന്നാല്‍, റേഷന്‍ വ്യാപാരികള്‍ക്ക് ആശങ്കയും. ഒന്ന് സ്ഥലപരിമിതിയാണ്. പല റേഷന്‍ കടകളും ചെറിയ കടമുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. കെ സ്റ്റോറിലേക്ക് മാറുന്നതിനും സമാന ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ലക്ഷങ്ങള്‍ അധികമായി മുടക്കിയാണ് പലരും കെ.സ്റ്റോറുകളിലേക്ക് മാറിയത്.

സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് 1959 റേഷന്‍ കടകളെ കെ സ്റ്റോറുകളാക്കി മാറ്റിയിട്ടുണ്ട്. റേഷന്‍ വിതരണത്തിന് പുറമെ, കേരളത്തിലെ സാധാരണ ജങ്ങള്‍ക്ക് ഉപകാരപ്രധാനമാകുന്ന നിരവധി സേവനങ്ങള്‍ കെ സ്റ്റോറുകളിലൂടെ ലഭിക്കും. 

മിനി ബാങ്കിംഗ് സേവനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകള്‍,പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍,കൃഷി-വ്യവസായ വകുപ്പുകള്‍ക്ക് കീഴില്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കെ. സ്റ്റോറുകള്‍ വഴി ലഭ്യമാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

എന്നാല്‍, കെ സ്റ്റോറുകളില്‍ ആവശ്യത്തിന് കച്ചവടം നടക്കുന്നില്ലെന്ന പരാതിയുമുണ്ട്.  എന്നാല്‍, സപ്ലൈകോയുടെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ കൂടി എത്തുന്നതോടെ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും ഇക്കൂട്ടര്‍ക്കുണ്ട്. സപ്ലൈകോയുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യാപകമായി ലഭ്യമാക്കാനും റേഷന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാനും പദ്ധതി സഹായിക്കും.

ഓണക്കാലത്ത് സപ്ലൈകോയുടെ വിപണി ഇടപെടല്‍ വന്‍ വിജയമായതോടെയാണ് പദ്ധതി ഗൗരവമായി പരിഗണിക്കുന്നത്. പദ്ധതി നടപ്പിലായാല്‍ അരി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള എല്ലാം സാധനങ്ങളും കുറഞ്ഞ വിലയിലും സബ്സിഡി നിരക്കിലും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സപ്ലൈകോ സബ്സിഡി സാധനങ്ങള്‍ നല്‍കുന്നതും റേഷന്‍ കാര്‍ഡുടമകള്‍ക്കാണ്.

സപ്ലൈകോ സാധനങ്ങളുടെ വിപണനത്തിനായി സൗകര്യം ഒരുക്കുകയാണ് റേഷന്‍ കടക്കാര്‍ ചെയ്യേണ്ടത്. സാധനങ്ങള്‍ സപ്ലൈകോ എത്തിക്കും. മുന്‍കൂട്ടി പണം നല്‍കേണ്ട, വിറ്റശേഷം പണമൊടുക്കിയാല്‍ മതിയാകും. സാധനങ്ങള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ സപ്ലൈകോ സബ്സിഡി നല്‍കി നടത്തുന്ന വിപണി ഇടപെടല്‍ റേഷന്‍ കടകളിലൂടെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു മെച്ചം.

Tags

Share this story

From Around the Web