ഉംറ സീസണ്‍ ആരംഭിച്ച് 20 ദിവസത്തിനുള്ളില്‍ 190,000 ഉംറ വിസകള്‍ അനുവദിച്ച് സൗദി ഹജ്, ഉംറ മന്ത്രാലയം. ജൂണ്‍ 10 മുതലാണ് ഉംറ സീസണ്‍ ആരംഭിച്ചത്

​​​​​​​

 
HAJJ


റിയാദ്: ഉംറ സീസണ്‍ ആരംഭിച്ച് 20 ദിവസത്തിനുള്ളില്‍ 190,000 ഉംറ വിസകള്‍ അനുവദിച്ച് സൗദി ഹജ്, ഉംറ മന്ത്രാലയം. ജൂണ്‍ 10 (ദുല്‍ഹജ് 14) മുതലാണ് ഉംറ സീസണ്‍ ആരംഭിച്ചത്. മന്ത്രാലയത്തിന്റെ 'നുസുക്' ഡിജിറ്റല്‍ പ്ലാറ്റ്ഫോം മുഖേന വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കാനും അന്ന് തുടങ്ങി. 

ജൂണ്‍ 14 മുതല്‍ വിദേശ, ആഭ്യന്തര തീര്‍ഥാടകര്‍ക്ക് നുസുക് വഴി പെര്‍മിറ്റ് അനുവദിക്കലും ആരംഭിച്ചു. ഉംറ അനുഭവത്തെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, എളുപ്പത്തില്‍ ഉംറ പെര്‍മിറ്റുകള്‍ ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും നുസ്‌ക് പ്ലാറ്റ്ഫോം ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.

ഈ വര്‍ഷത്തെ ഹജ്ജ് അവസാനിച്ച് വിദേശ തീര്‍ഥാടകര്‍ പോയിത്തീരും മുമ്പാണ് ഉംറ വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. എട്ട് മാസം നീണ്ടുനില്‍ക്കുന്ന ഈ സീസണിലുടനീളം വിസ അനുവദിക്കുന്നത് തുടരും. അടുത്ത വര്‍ഷം ശവ്വാല്‍ ഒന്നാണ് (മാര്‍ച്ച് 20) അവസാന തീയതി. 

വിദേശ തീര്‍ഥാടകര്‍ക്ക് ആ മാസം 15 (ഏപ്രില്‍ മൂന്ന്) വരെ സൗദിയിലെത്താനാവും. ഇവര്‍ ഉംറ പൂര്‍ത്തിയാക്കി ദുല്‍ഖഅ്ദ ഒന്നിന് (ഏപ്രില്‍ 18) മുമ്പ് മടങ്ങുകയും വേണം. അതിന് ശേഷം ഹജ്ജിന് ഒരുക്കം തുടങ്ങും.

അതേസമയം ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും അപാര്‍ട്ട്മെന്റുകളിലും വിദേശ ഉംറ തീര്‍ഥാടകരെ പാര്‍പ്പിക്കാനുള്ള കരാറുകള്‍ നുസുക് മസാര്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് പുതിയ നിയമം.

 ഇത് ഈ ഉംറ സീസണ്‍ മുതല്‍ നടപ്പായിട്ടുണ്ട്. ഈ നിയമം പാലിക്കുന്ന ഏജന്‍സികള്‍ക്ക് മാത്രമേ ഉംറ വിസകള്‍ അനുവദിക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
 

Tags

Share this story

From Around the Web