“ജപമാല പ്രാർഥനയാണ് എന്നെ ജീവനോടെ നിലനിർത്തിയത്”: മാർപാപ്പയുടെ മുന്നിൽ അനുഭവം പങ്കുവെച്ച് കാമറൂണിൽ തടവിലാക്കപ്പെട്ട സന്യാസിനി
ഭീതിയുടെ നിഴൽ വീണ വടക്കുപടിഞ്ഞാറൻ കാമറൂണിലെ ബമെൻഡയിൽ, സമാധാനത്തിന്റെ സന്ദേശവുമായി എത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് മുന്നിൽ ഒരു സന്യാസിനി തന്റെ ജീവിതാനുഭവം പങ്കുവെച്ചപ്പോൾ അത് കേട്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻ സഭയിലെ അംഗമായ സി. കാരിൻ തംഗിരി മാംഗുവിന് പറയാനുണ്ടായിരുന്നത് മരണത്തിന്റെ വക്കിൽ നിന്നും പ്രാർഥനയുടെ കരുത്ത് കൊണ്ടു മാത്രം തിരികെ വന്ന ഒരു അതിജീവനത്തിന്റെ കഥയായിരുന്നു.
വിഘടനവാദികളും ഭീകരസംഘടനകളും അശാന്തി വിതയ്ക്കുന്ന ആ നാട്ടിൽ, കത്തോലിക്കാ സഭയും അവിടത്തെ മിഷനറിമാരും സാധാരണ ജനങ്ങൾക്ക് എത്രത്തോളം അത്താണിയാണെന്ന് സിസ്റ്ററുടെ വാക്കുകൾ ലോകത്തിന് കാട്ടിക്കൊടുത്തു.
2017 മുതൽ ആഭ്യന്തര സംഘർഷങ്ങളിൽപെട്ട കാമറൂണിൽ പാവപ്പെട്ടവർക്കും ഭവനരഹിതർക്കും ഇടയിലാണ് സി. കാരിനും സംഘവും പ്രവർത്തിക്കുന്നത്. ഭൗതികമായ സഹായങ്ങൾക്കപ്പുറം പ്രത്യാശയുടെ കനൽ കെടാതെ സൂക്ഷിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. എന്നാൽ കഴിഞ്ഞ നവംബർ 14-ന് സ്കൂളിൽ നിന്നും മടങ്ങവെ ആയുധധാരികളായ ഒരു സംഘം അക്രമികൾ സി. കാരിനെയും സി. മീഡിയട്രിക്സിനെയും തട്ടിക്കൊണ്ടുപോയി.
കൊടുംകാടിനുള്ളിലെ ഒളിത്താവളങ്ങളിലേക്ക് മാറ്റപ്പെട്ട ആ മൂന്ന് പകലും രാത്രിയും തങ്ങൾ അനുഭവിച്ച ക്രൂരതകൾ സിസ്റ്റർ വിവരിച്ചു. “ഭക്ഷണമോ വെള്ളമോ വിശ്രമമോ ഇല്ലാതെ, സൈന്യത്തിന്റെ കണ്ണിൽപ്പെടാതിരിക്കാൻ അർദ്ധരാത്രിയിൽ പോലും അവർ മോട്ടോർ സൈക്കിളുകളിൽ ഞങ്ങളെ കൊടുങ്കാട്ടിലേക്ക് മാറ്റിക്കൊണ്ടിരുന്നു” സി.കാരിൻ പറഞ്ഞു
ആ പരീക്ഷണ ഘട്ടത്തിലും തന്റെ വിളിയെക്കുറിച്ച് ബോധ്യമുള്ള സിസ്റ്റർ, തങ്ങൾ രാഷ്ട്രീയക്കാരല്ലെന്നും പാവപ്പെട്ടവരെ സേവിക്കുന്നവരാണെന്നും അക്രമികളോട് ധൈര്യപൂർവം വിളിച്ചുപറഞ്ഞു. മരണഭയം ചുറ്റുമുണ്ടായിരുന്ന ആ നിമിഷങ്ങളിലും തന്റെ ഏക ആശ്രയം കയ്യിലുണ്ടായിരുന്ന ജപമാലയായിരുന്നുവെന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. “ആ ജപമാല പ്രാർഥനയാണ് എന്നെ ജീവനോടെ നിലനിർത്തിയത്,” എന്ന് സിസ്റ്റർ പറയുമ്പോൾ വികാരനിർഭരനായി അത് കേട്ടിരുന്ന മാർപാപ്പയുടെ മുഖത്ത് ആത്മീയമായ ആദരവ് പ്രകടമായിരുന്നു. ഒടുവിൽ പ്രാദേശിക ക്രിസ്ത്യൻ വിശ്വാസികളുടെ ഇടപെടലിലൂടെയാണ് അവർ മോചിതരായത്.
താൻ അനുഭവിച്ചതിനേക്കാൾ വലിയ വേദനകൾ സഹിക്കുന്ന അനേകം മിഷനറിമാർ ആ മേഖലയിലുണ്ടെന്നും എന്നാൽ ആരും തന്നെ സേവനപാതയിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
അക്രമങ്ങൾക്കിടയിലും തളരാതെ പ്രവർത്തിക്കുന്ന സ്കൂളുകളും ആശുപത്രികളും കാമറൂണിലെ ജനങ്ങൾ ഒറ്റയ്ക്കല്ലെന്ന പ്രഖ്യാപനമാണ് നടത്തുന്നത്.
ഭീകരതയുടെയും യുദ്ധത്തിന്റെയും മുറിവുകൾക്ക് മേൽ വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ലേപനം പുരട്ടുന്ന സി.കാരിനെപ്പോലെയുള്ളവരുടെ സാന്നിധ്യം ആ നാട്ടിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നു.