ജപമാല, ഉത്കണ്ഠയെ കീഴടക്കാൻ ഒരു ആത്മീയ ഔഷധം
ഉത്കണ്ഠ മനസ്സിനെ വേട്ടയാടുമ്പോൾ ചിന്തകൾ നിയന്ത്രണാതീതമാവുകയും ശരീരം പോലും നമുക്കെതിരെ പ്രവർത്തിക്കുന്നതായി തോന്നുകയും ചെയ്യും. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ജപമാല ചൊല്ലുന്നത് കേവലം ഒരു ആത്മീയ ചടങ്ങല്ലെന്നും, അത് മനസ്സിനും ശരീരത്തിനും ശാസ്ത്രീയമായിത്തന്നെ സമാധാനം നൽകുന്ന ഒരു പ്രക്രിയയാണെന്നും കത്തോലിക്കാ തെറാപ്പിസ്റ്റായ കാതറിൻ ഡിനുസ്സോ വ്യക്തമാക്കുന്നു. ജപമാലയിലെ പ്രാർഥനകളുടെ ആവർത്തനവും ധ്യാനവും എങ്ങനെയാണ് ഒരാളുടെ നാഡീവ്യവസ്ഥയെയും മസ്തിഷ്കത്തെയും സ്വാധീനിക്കുന്നതെന്ന് നോക്കാം
നാഡീവ്യവസ്ഥയും ആവർത്തനവും
ജപമാലയിലെ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥനയുടെ താളാത്മകമായ ആവർത്തനം ശരീരത്തിന്റെ പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പ് കുറയ്ക്കാനും പേശികൾക്ക് വിശ്രമം നൽകാനും സഹായിക്കുന്നു. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നതിന് സമാനമായ ഈ പ്രക്രിയയിലൂടെ “നിങ്ങൾ സുരക്ഷിതരാണ്” എന്ന സന്ദേശം തലച്ചോറിലെത്തുന്നു. ഇതിനോടൊപ്പം ദൈവകൃപയും അമ്മയുടെ മധ്യസ്ഥതയും ചേരുമ്പോൾ അത് ആത്മാവിനും മനസ്സിനും ഒരുപോലെ ആശ്വാസമായി മാറുന്നു.
വർത്തമാനകാലത്തെ ഉറപ്പിക്കുന്നു
ഭാവിയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ഭയമാണ് ഉത്കണ്ഠയുടെ പ്രധാന കാരണം. എന്നാൽ ജപമാലയുടെ രഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ ശ്രദ്ധ ക്രിസ്തുവിന്റെ ജീവിതത്തിലെ യഥാർഥ സംഭവങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഇത് തലച്ചോറിലെ ഭയത്തിന്റെ കേന്ദ്രമായ ‘അമിഗ്ഡാല’യുടെ അമിതപ്രവർത്തനത്തെ കുറയ്ക്കുകയും തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ‘പ്രീഫ്രോണ്ടൽ കോർട്ടക്സി’നെ ഉണർത്തുകയും ചെയ്യുന്നു. ഭയാധിഷ്ഠിത ചിന്തകളിൽ നിന്ന് മനസ്സിനെ മോചിപ്പിച്ച് വർത്തമാന നിമിഷത്തിൽ ഉറപ്പിച്ചു നിർത്താൻ ഈ ധ്യാനം സഹായിക്കുന്നു.
തലച്ചോറിലെ മാറ്റങ്ങൾ (ന്യൂറോപ്ലാസ്റ്റിസിറ്റി)
നമ്മുടെ ചിന്താ രീതികൾക്കനുസരിച്ച് തലച്ചോറിലെ നാഡീ പാതകൾ പുനർനിർമ്മിക്കപ്പെടുന്ന പ്രക്രിയയെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് വിളിക്കുന്നത്. സ്ഥിരമായി ജപമാല ചൊല്ലുന്നതിലൂടെ വിശ്വാസത്തിലും സമാധാനത്തിലും അധിഷ്ഠിതമായ പുതിയ ചിന്താ രീതികൾ തലച്ചോറിൽ രൂപപ്പെടുന്നു. കാലക്രമേണ ഭയത്തേക്കാൾ വേഗത്തിൽ സമാധാനത്തിലേക്ക് മനസ്സിനെ എത്തിക്കാൻ ഈ ശീലം സഹായിക്കുന്നു. കൂടാതെ, മറിയത്തിന്റെ മാതൃസാന്നിധ്യത്തിൽ നാം സുരക്ഷിതരാണെന്ന ബോധ്യം ഉത്കണ്ഠ അകറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
കൃപയുടെ പൂർത്തീകരണം
മനഃശാസ്ത്രപരമായ ഉപകരണങ്ങൾക്കപ്പുറം ദൈവത്തിന്റെ കൃപയാണ് യഥാർഥ സൗഖ്യം നൽകുന്നത്. ജപമാലയിലൂടെ നാം ദൈവത്തിന്റെ അമാനുഷിക സഹായം ക്ഷണിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ശ്രമങ്ങൾ പരാജയപ്പെടുന്നിടത്ത് ദൈവകൃപ പ്രവർത്തിക്കുന്നു. ഉത്കണ്ഠകളിലേക്ക് ശ്രദ്ധ കൊടുക്കാതെ, ജപമാലയെന്ന ഈ ‘ജീവരേഖ’ മുറുകെ പിടിക്കുക. മുഴുവൻ ചൊല്ലാൻ കഴിഞ്ഞില്ലെങ്കിലും ഒരു ദശകമെങ്കിലും പ്രാർഥിക്കുന്നത് ആത്മീയവും മാനസികവുമായ വലിയ മാറ്റങ്ങൾക്ക് തുടക്കമിടും.