കോൺഗ്രസ് നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ ഡിജിറ്റൽ മീഡിയ സെല്ലിന്റെ പങ്ക് അന്വേഷിക്കും. അന്വേഷണ ചുമതല വി.ടി. ബൽറാമിന്
Updated: Sep 15, 2025, 21:28 IST

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ ഡിജിറ്റൽ മീഡിയ സെല്ലിന്റെ പങ്ക് പരിശോധിക്കാൻ കെപിസിസി തീരുമാനിച്ചു. അന്വേഷണ ചുമതല വി.ടി. ബൽറാമിനാണ് ഏൽപ്പിച്ചിരിക്കുന്നത്.
സൈബർ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി യോഗത്തിൽ ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബൽറാമിനെ അന്വേഷണ ചുമതലയ്ക്ക് നിയോഗിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലെ വിവാദം സംബന്ധിച്ച് നേതാക്കൾക്കിടയിൽ വ്യക്തമായ നിലപാട് ഇല്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
പ്രതിപക്ഷ നേതാവാണ് നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നതെന്നും, മറ്റ് നേതാക്കൾ പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഇത്തരം സമീപനം പൊതുസമൂഹത്തിൽ സംശയങ്ങൾക്ക് വഴിയൊരുക്കുമെന്ന് യോഗത്തിൽ മുന്നറിയിപ്പും നൽകി.