ആചാരം അവസാനിച്ചത് ദുരന്തത്തില്‍; ബിഹാറില്‍ ആറ് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു, 12നും 14നും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്

 
bihar river


ഭഗല്‍പൂര്‍: ബിഹാറിലെ ഭഗല്‍പൂരില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു. 'കര്‍മധര്‍മ' ഉത്സവത്തിന് മുന്നോടിയായുള്ള ആചാരങ്ങളുടെ ഭാഗമായി കുളത്തിലിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. 12നും 14നും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്.

ബിഹാറിലും സമീപ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലും നടക്കുന്ന ആചാരപരമായ ഉത്സവമാണ് 'കര്‍മധര്‍മ'. ഇതിന്റെ ഭാഗമായി കുളിക്കുന്നതിന് ഏഴ് കുട്ടികളാണ് കുളത്തിലേക്ക് എത്തിയത്. 

കുളത്തിലിറങ്ങിയ ഒരു കുട്ടി ആദ്യം വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടപ്പോള്‍ രക്ഷിക്കാനായി മറ്റ് കുട്ടികളും ഇറങ്ങുകയായിരുന്നു. ഇതോടെ ആറു കുട്ടികളും മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന ഏഴാമത്തെ കുട്ടി മറ്റുള്ളവര്‍ മുങ്ങിത്താഴുന്നത് കണ്ട് പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ കൂടെ മുതിര്‍ന്ന ആരും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

കുട്ടികളുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായവും ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Tags

Share this story

From Around the Web