നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി

 
 supreme court

ന്യൂഡല്‍ഹി: നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി. കാല്‍നടയാത്രക്കാരുടെ അവകാശം സംരക്ഷിക്കാന്‍ പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അഞ്ചുവയസ്സുകാരനായ മകനുമായി സ്‌കൂളിലേക്ക് നടന്നുപോയ പിതാവിന്റെ പിന്നില്‍നിന്ന് ടാങ്കര്‍ ലോറിയിടിച്ച് കുട്ടി മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ ഈ നിര്‍ണായക വിധി.

അപകടം നടന്ന റോഡില്‍ നടപ്പാതയോ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമോ ഇല്ലാതിരുന്നതായിരുന്നു അപകട കാരണം. ഭരണഘടനയുടെ ഭാഗം കകകല്‍ ആര്‍ട്ടിക്കിള്‍ 19, 21 എന്നിവ പ്രകാരം സഞ്ചാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവയിലാണ് ഈ അവകാശം ഉള്‍പ്പെടുന്നതെന്ന് പ്രധാന ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുല്‍ എസ്. ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വാഹനങ്ങളേക്കാള്‍ കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത് കാല്‍നടയാത്രക്കാര്‍ക്കായിരിക്കണമെന്നും ഇതിനായി നടപ്പാതകള്‍ നിര്‍മ്മിച്ച് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു.
കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ പൗരന്മാര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ സാധിക്കുമെന്നും മോട്ടോര്‍ വാഹന നിയമത്തിന് പുറമെയാണിതെന്നും സുപ്രിംകോടതി ഓര്‍മ്മിപ്പിച്ചു. ഈ വിധിയുടെ പകര്‍പ്പ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, ലോ കമ്മീഷന്‍ എന്നിവര്‍ക്ക് അയക്കാന്‍ സുപ്രിംകോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.

Tags

Share this story

From Around the Web