വോട്ട് ചെയ്യാനുള്ള അവകാശം തടയാനാകില്ല; പോസ്റ്റൽ ബാലറ്റ് പരാതിയിൽ ഹൈക്കോടതിയുടെ കർശന ഇടപെടൽ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കുന്നില്ലെന്ന പരാതിയിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി.
ആരുടെയും വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, അർഹരായ എല്ലാവർക്കും ബാലറ്റ് ലഭ്യമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കർശന നിർദ്ദേശം നൽകി.
പോസ്റ്റൽ വോട്ടിന് അർഹരായവരുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് 2:30-ന് മുൻപായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിക്കണം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യാനാവുമെന്ന് കമ്മീഷൻ ഉറപ്പുവരുത്തണം. ഇതുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ കേസ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കോടതി വീണ്ടും പരിഗണിക്കും.
നേരത്തെ അപേക്ഷ നൽകി കളക്ടറേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് വോട്ട് ചെയ്യാനെത്തിയ പല ഉദ്യോഗസ്ഥർക്കും ബാലറ്റ് പേപ്പർ ലഭിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു.
പോലീസ്, സിവിൽ ഡിഫൻസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ബാലറ്റ് പേപ്പർ എത്താത്തത് മൂലം ദുരിതത്തിലായത്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും സമാനമായ പരാതി ഉയർന്നതോടെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്.