പഴയ ഇടവകയിലേക്ക് പ്രിയ ഇടയന്റെ മടക്കംചിക്ലായോയിലെ വി. ഓസ്‌കാര്‍ റൊമേറോ ചാപ്പല്‍ സന്ദര്‍ശിച്ച് ലിയോ പാപ്പ

 
leo papa 11


പെറുവിന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ ചിക്ലായോയിലെ വിശുദ്ധ ഓസ്‌കാര്‍ റൊമേറോ ചാപ്പലില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്വകാര്യ സന്ദര്‍ശനം നടത്തി. 2015 മുതല്‍ 2023 വരെ ഇവിടത്തെ ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള പാപ്പ, താന്‍ മുന്‍പ് അജപാലന ശുശ്രൂഷ നിര്‍വ്വഹിച്ച ഇടത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം വിശ്വാസികളുമായി പങ്കുവെച്ചു.

നവംബര്‍ 13 വെള്ളിയാഴ്ചയായിരുന്നു സന്ദര്‍ശനം. ചാപ്പലില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ, ''നിങ്ങളോടൊപ്പം വീണ്ടും ആയിരിക്കാന്‍ കഴിയുന്നത് എത്ര മനോഹരവും ദൈവത്തിന്റെ വലിയൊരു അനുഗ്രഹവുമാണ്; ഞാന്‍ ദൈവത്തോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്,'' എന്ന് പറഞ്ഞു. വിശുദ്ധ ഓസ്‌കാര്‍ റൊമേറോയുടെ നാമധേയത്തില്‍ ഒരു പുതിയ ചാപ്പല്‍ എന്ന ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച എല്ലാവരെയും പാപ്പ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

തന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ച വിശ്വാസസമൂഹത്തിന് പരിശുദ്ധ പിതാവ് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ''ഒരു മാസം മുന്‍പാണ് എനിക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ദൈവം തന്റെ കൃപയാല്‍ എന്നോട് വലിയ കരുണ കാണിച്ചു. ലോകമെമ്പാടുമുള്ള അനേകരുടെ പ്രാര്‍ഥനകള്‍ക്കൊപ്പം നിങ്ങളുടെ പ്രാര്‍ഥനകളും, നിങ്ങളുടെ ദാസനായ എനിക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനും ഇന്ന് നിങ്ങള്‍ക്കിടയില്‍ എത്തിച്ചേരാനും വലിയ ശക്തിയായി,'' പാപ്പ കൂട്ടിച്ചേര്‍ത്തു.

രക്ഷകനായ യേശുവിന്റെ ആഗമനത്തെക്കുറിച്ചും, ദൈവസ്‌നേഹം പരസ്പരം പങ്കുവെച്ച് അവിടുത്തെ പ്രേഷിത ദൗത്യത്തില്‍ പങ്കാളികളാകാന്‍ ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ചുമാണ് പാപ്പ തന്റെ സന്ദേശത്തില്‍ പ്രധാനമായും ഓര്‍മ്മിപ്പിച്ചത്.

1980-ല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ വെടിയേറ്റു മരിച്ച എല്‍ സാല്‍വഡോര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന വിശുദ്ധ ഓസ്‌കാര്‍ അര്‍നുള്‍ഫോ റൊമേറോ, ക്രിസ്തുവിനോടും സഭയോടും പാവപ്പെട്ടവരോടുമുള്ള അചഞ്ചലമായ വിശ്വസ്തതയുടെ ഉത്തമ മാതൃകയായാണ് ആഗോളസഭയില്‍ അനുസ്മരിക്കപ്പെടുന്നത്.

Tags

Share this story

From Around the Web