'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' സിനിമയുടെ രണ്ടാം ഭാഗം ''ദി റിസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റ്'' റിലീസ് തീയതി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച് വന്‍ വിജയമായ 'ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' സിനിമയുടെ രണ്ടാം ഭാഗമായ ''ദി റിസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റ്'' സിനിമയുടെ റിലീസ് തീയതി നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപിച്ചു.
ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കുന്നതെന്നും 2027ലെ വിശുദ്ധ വാരത്തില്‍ റിലീസ് ചെയ്യുമെന്നും ലയണ്‍സ്‌ഗേറ്റ് ഫിലിം കമ്പനി പ്രഖ്യാപിച്ചു.
ചിത്രത്തിന്റെ ആദ്യ ഭാഗം 2027 മാര്‍ച്ച് 26 ന് ദുഃഖവെള്ളിയാഴ്ച റിലീസ് ചെയ്യും. രണ്ടാം ഭാഗം ഏതാനും ആഴ്ചകള്‍ക്കുശേഷം മെയ് 6ന് സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യും.
ഓഗസ്റ്റ് 5ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ലയണ്‍സ്‌ഗേറ്റ് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്.
ഈ തലമുറയിലെ ലോകമെമ്പാടുമുള്ള നിരവധി പ്രേക്ഷകര്‍ക്ക്, 'ദി റിസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റ്' ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിസ്മയകരവും അതിശയകരവുമായ ചിത്രമായിരിക്കുമെന്ന് ലയണ്‍സ്‌ഗേറ്റ് മോഷന്‍ പിക്ചര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആദം ഫോഗല്‍സണ്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ലയണ്‍സ്ഗേറ്റിന്റെ ഇടപെടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും 'ദി റിസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റ്' ചിത്രത്തിന് ഇതിലും മികച്ച ഒരു വിതരണക്കാരനെ തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായെന്നും സിനിമയുടെ സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ പറഞ്ഞു.
യേശുവിന്റെ വേഷം കൈക്കാര്യം ചെയ്ത ജിം കാവിയേസല്‍ തന്നെയായിരിക്കും യേശുവായി വീണ്ടും അവതരിപ്പിക്കുക.
ആദ്യ സിനിമ പുറത്തിറങ്ങി 20 വര്‍ഷത്തിലേറെയായി എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ സിജിഐ ഡീ-ഏജിംഗ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടിവരുമെന്നു ഗിബ്‌സണ്‍ നേരത്തെ പങ്കുവെച്ചിരിന്നു.