രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറിയത്. രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ജുലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമഗ്രമായ അന്വേഷണ നടത്താന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
പ്രാഥമിക റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് കൈമാറിയത്. രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും, മണ്ണുമാന്തിയന്ത്രം അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ സാങ്കേതിക തടസ്സം ഉണ്ടായിരുന്നതായും കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മകന് ജോലിയും ഉറപ്പുവരുത്തിയിട്ടുണ്ട്. മകള്‍ നവമിയുടെ സര്‍ജറിയും കോട്ടയം മെഡിക്കല്‍ കോളേജില്‍ സൗജന്യമായി പൂര്‍ത്തിയാക്കിയിരുന്നു. അപകടത്തില്‍ പരുക്കേറ്റ വയനാട് സ്വദേശി അലീനയും ചികിത്സക്ക് ശേഷം ഇന്നലെ ആശുപത്രി വിട്ടു.