പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കുന്നില്ല; സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങിയേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6.20 മുതല്‍ രാത്രി 11 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവില്‍ ഉണ്ടെങ്കിലും വൈദ്യുതി ആവശ്യകതയില്‍ കുറവ് വന്നിട്ടില്ല.
ഏകദേശം 600 മുതല്‍ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശില്‍ നിന്ന് സ്വാപ്പ് കരാര്‍ പ്രകാരം ലഭിച്ചിരുന്ന 200 മെഗവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭ്യമാകും.
ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും 100 മെഗാവാട്ട് വൈദ്യുതിയും ലഭിക്കും. പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയില്‍ കാര്യമായ കുറവുണ്ട്. അതിനാല്‍ നിയന്ത്രണം വേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
അതേസമയം, എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണ്.
മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവില്‍ നില്‍ക്കുമ്പോഴും വൈദ്യുതി ആവശ്യകതയില്‍ കാര്യമായ കുറവ് വന്നിട്ടില്ല.
എന്നിരുന്നാലും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു.
5000 മെഗാവാട്ട് വരെ ഓള്‍ ഇന്ത്യ ഡിമാന്‍ഡ് കൂടാനും 5000 മെഗാവാട്ട് വരെ വിന്‍ഡ് ജനറേഷന്‍ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയങ്ങളില്‍ ഗ്രിഡ് ഫ്രീക്വന്‍സി ക്രമാതീതമായി കുറയുകയുണ്ടായി.