അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു.ഡോക്ടറുടെ ഭാഗത്ത് തെറ്റ് ഒന്നുമില്ല

 
scissors

അപ്പോൾ ഒരു സാധാരണ ചോദ്യം:
സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ നടത്തുന്നത് ഡോക്ടർ അല്ലേ?
എങ്കിൽ കത്രികയും പഞ്ഞിയും വയറിനുള്ളിൽ എത്തുന്നത് എങ്ങനെ?

ഓപ്പറേഷൻ നടക്കുമ്പോൾ കത്രികക്ക് സ്വതന്ത്ര പ്രവേശനമോ?
അല്ലെങ്കിൽ രോഗിയുടെ ശരീരത്തിൽ “സ്വയം സേവന കവാടം” തുറന്നിട്ടുണ്ടോ?

ശസ്ത്രക്രിയ തുടങ്ങുമ്പോൾ ഡോക്ടർ വിശ്രമിക്കുമോ?
അല്ലെങ്കിൽ ഇടയ്ക്ക് മറ്റൊരാൾക്ക് കൈമാറി
“ഞാൻ വരാം, നിങ്ങൾ തുടരു” എന്ന് പറയും?

ഇനി തോന്നുന്നു —
ഓപ്പറേഷൻ തീയേറ്ററിൽ സി.സി.ടി.വി നിർബന്ധമാകും.
കാരണം ശരീരത്തിനുള്ളിൽ എന്ത് നടക്കുന്നു എന്ന്
പുറത്തുള്ളവർക്ക് അറിയാൻ വഴിയില്ലല്ലോ.


---

അഞ്ചു വർഷം കത്രിക വയറിനുള്ളിൽ കിടന്നു.
രോഗി വേദന സഹിച്ചു.
ആശുപത്രി ചികിത്സ നൽകി.
റിപ്പോർട്ട് പറഞ്ഞു — തെറ്റ് ഇല്ല.

ഇനി അടുത്ത ചോദ്യം:
പാവം രോഗികൾ എന്ത് ചെയ്യും?

ഓപ്പറേഷൻ കഴിഞ്ഞാൽ
സ്വന്തം ചിലവിൽ എക്‌സ്-റേ എടുക്കണോ?
സി.ടി സ്കാൻ നടത്തി
“ഒന്നും മറന്നിട്ടില്ലല്ലോ” എന്ന് ഉറപ്പാക്കണോ?

ഡിസ്ചാർജ് സമ്മറിയിൽ പുതിയ ലൈൻ വേണമോ:
“സർജറി വിജയകരം — ഉള്ളിൽ ഉപകരണങ്ങൾ ഇല്ല (രോഗി പരിശോധിച്ചു)”


---

ഇതിനിടെ വിവിധ വിഭാഗങ്ങൾ വിലയിരുത്തി:

ഡോക്ടർമാരുടെ സംഘടന പറഞ്ഞു:
“വീഴ്ച സംഭവിച്ചു എന്ന് അംഗീകരിക്കരുത്.”
സഹായികൾ കത്രിക നഷ്ടപ്പെടാതെ നോക്കിയില്ല എന്ന് പറയാം.

സഹായികളായ നേഴ്സുമാർ പറഞ്ഞു:
“ലിസ്റ്റ് എഴുതാൻ ബുക്കും പേനയും ഇല്ലായിരുന്നു.”

മാധ്യമങ്ങൾ പറഞ്ഞു:
“രോഗിയുടെയും മകന്റെയും ഫോട്ടോയും പ്രതികരണവും കൊടുക്കാം.
പക്ഷേ ഓപ്പറേഷൻ നടത്തിയ ഡോക്ടറെ കാണിക്കണ്ട.”

ഭരണകക്ഷി പറഞ്ഞു:
“എങ്ങനെയും മന്ത്രിയെ രക്ഷിക്കണം.”
മുന്നണി നേതാവും മുഖ്യമന്ത്രിയും പറഞ്ഞു:
“കത്രിക സംഭവം കേരളത്തിൽ നടന്നത് അറിഞ്ഞില്ല;
മികവിന്റെ കേരളം പരസ്യം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.”

പ്രതിപക്ഷം അറിയിച്ചു:
“കത്രിക കിട്ടിയാൽ അതുമായി പ്രകടനം നടത്താം.”


---

കത്രിക വയറ്റിൽ കിടക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്
വിദേശത്ത് നിന്നും ഒരു ഗവേഷകസംഘം വരുമെന്നും കേൾക്കുന്നു.

ഇത്തരം വാർത്തകൾ സ്വകാര്യ ആശുപത്രികളിലേക്ക്
രോഗികളുടെ എണ്ണം വർധിപ്പിച്ചതിനാൽ
മാധ്യമങ്ങൾക്ക് നന്ദിയും പരസ്യവും നൽകാൻ അവർ തീരുമാനിച്ചു.

സർക്കാർ ആശുപത്രികളിലെ തിരക്ക് കുറഞ്ഞതിൽ
ജീവനക്കാർ സംതൃപ്തി രേഖപ്പെടുത്തി.


---

നമ്മുടെ സംവിധാനത്തിന്റെ അത്ഭുതം അതാണ് —
സംഭവം നടക്കും,
വേദന ഉണ്ടാകും,
വാർത്ത വരും,
അന്വേഷണം നടക്കും,
അവസാനം തെറ്റ് ആരുടേതുമല്ല.

ശരീരത്തിൽ മുറിവ് ബാക്കി…
റിപ്പോർട്ടിൽ നീതി പൂർത്തിയായി.

— സാബു ജോസ് , എറണാകുളം ✍️

Tags

Share this story

From Around the Web