വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ വീണ്ടും ശ്രദ്ധേയമാകുന്നു. യൗസേപ്പിതാവിന്റെ മേലങ്കിയും അരപ്പട്ടയും കാണാന്‍ ജനപ്രവാഹം

 
OUSEPH



റോം: വിശുദ്ധ യൗസേപ്പിതാവിനെ(ട േഖീലെുവ) ലോകം മുഴുവന്‍ ആദരവോടെ ഓര്‍ക്കുന്ന ഈ നാളുകളില്‍ വത്തിക്കാനോട് ചേര്‍ന്നുള്ള സെന്റ് അനസ്താസിയായുടെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ വീണ്ടും ശ്രദ്ധേയമാകുന്നു. വിശുദ്ധന്‍ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മേലങ്കിയും അദ്ദേഹം ധരിച്ചിരുന്ന അരപ്പട്ടയും കാണാന്‍ ഇപ്പോള്‍ ജനപ്രവാഹമാണ്.

ഈ തിരുക്കച്ച വിശുദ്ധനാട്ടില്‍ നിന്നും റോമിലെത്തിച്ചത് വിശുദ്ധ ഹെലേനയോ സഭാപിതാവായ സെന്റ് ജെറോമോ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ, തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ഈ തിരുശേഷിപ്പ് കാണാനും വണങ്ങാനും കഴിയും.

ഉണ്ണീശോയെ പുതപ്പിക്കാന്‍ വിശുദ്ധ യൗസേപ്പിതാവ് ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്ന ഈ മേലങ്കിക്ക് പ്രത്യേക മധ്യസ്ഥശക്തിയുണ്ടെന്നാണ് വിശ്വാസികളുടെ അഭിപ്രായം.വിശുദ്ധ യൗസേപ്പിതാവിന്റെ മേലങ്കി തവിട്ട് നിറമുളള തുണി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വസ്ത്രത്തോടുളള ഭക്തിയുടെ ഭാഗമായാണ് ലോകമെമ്പാടും 'വിശുദ്ധ യൗസേപ്പിതാവിന്റെ മേലങ്കി പ്രാര്‍ത്ഥന' പ്രചാരത്തിലായത്. യൗസേപ്പിതാവ് അരയില്‍ ധരിച്ചിരുന്ന തുകല്‍ കൊണ്ടുള്ള അരപ്പട്ടയും പ്രത്യേക പേടകത്തില്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കുടുംബങ്ങളുടെയും തൊഴിലാളികളുടെയും മധ്യസ്ഥനായ വിശുദ്ധന്റെ അനുഗ്രഹം തേടി ഓരോവര്‍ഷവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഈ ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത്.

ഇതൊടൊപ്പം തന്നെ പരിശുദ്ധ കന്യാമറിയത്തിന്റെ ശിരോവസ്ത്രത്തിന്റെ ഒരു ഭാഗവും ഈ ബസിലിക്കയില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. പെസഹാ ആഘോഷത്തിനായി ജറുസലേമിലേക്കുള്ള യാത്രകളിലൊന്നില്‍ പരിശുദ്ധ അമ്മ ഈ ആവരണം ധരിച്ചിരുന്നിരിക്കണം എന്ന് കരുതപ്പെടുന്നു. ഈ രണ്ടു തിരുശേഷിപ്പുകളും വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ അമ്മയെയും യേശുവിനെയും നിരന്തരം പരിപാലിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായി മാറുന്നു.

ഇറ്റലിയിലെ പാദുവയിലുള്ള വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പുകള്‍ പോലെ തന്നെ, റോമിലെ ഈ വിശുദ്ധ വസ്ത്രങ്ങളും കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാന തിരുശേഷിപ്പുകളുടെ പട്ടികയിലാണുള്ളത്.

Tags

Share this story

From Around the Web