യേശു മരിച്ച കുരിശിന്റെ തിരുശേഷിപ്പ് വണങ്ങാം; മണ്ണയ്ക്കനാട് ഹോളിക്രോസിൽ വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ 14ന്
 

 
HOLYCROSS

കുറവിലങ്ങാട്: യേശുക്രിസ്തു കുരിശിൽ മരിച്ചതിന്റെ സ്മരണ ഉണർത്തുന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനും ചുംബനത്തിനുമായി വിശ്വാസികൾക്ക് അവസരമൊരുക്കി മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ സെപ്റ്റംബർ 14ന് തിങ്കളാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കും.

ലിംമ്പിയാസിലെ അത്ഭുത ക്രൂശിതരൂപം പ്രതിഷ്ഠിച്ചിരിക്കുന്നതും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങിവരുന്നതുമായ മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ കുരിശിന്റെ തിരുനാൾ വിശ്വാസസമൂഹത്തിന് ഏറെ ആത്മീയ പ്രാധാന്യമുള്ള ദിനമാണ്.

തിരുനാൾ ദിനത്തിൽ രാവിലെ 5 മുതൽ വൈകുന്നേരം 6 വരെ 13 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടക്കും. കുടുംബയൂണിറ്റുകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിലാണ് ആരാധന ക്രമീകരിച്ചിരിക്കുന്നത്.

വൈകുന്നേരം 6ന് തിരുനാൾ ദിവ്യബലി നടക്കും. തുടർന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും തിരുശേഷിപ്പ് ചുംബനവും ഉണ്ടായിരിക്കും. വിശ്വാസികൾക്ക് തിരുശേഷിപ്പ് നേരിൽ വണങ്ങാനും അനുഗ്രഹം പ്രാപിക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ കാർമ്മികത്വം വഹിക്കും.

Tags

Share this story

From Around the Web