ഈശോ തിരുഹൃദയ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ വിശുദ്ധ മേരി അലക്കോക്കിന്റെ തിരുശേഷിപ്പ് യുഎസില്‍;11ന് യുഎസിനെ തിരുഹൃദയത്തിന് സമര്‍പ്പിക്കും
ന്യൂയോര്‍ക്ക്: ഈശോ തന്റെ തിരുഹൃദയ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നല്‍കിയ ഫ്രഞ്ച് സന്യാസിനിയായ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ തിരുശേഷിപ്പുകള്‍ അമേരിക്കയിലെത്തിച്ചു. യുഎസിലെ കത്തോലിക്ക മെത്രാന്‍സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 11-ന് രാജ്യത്തെ മുഴുവനായും ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന ചരിത്രപരമായ ചടങ്ങിന്റെ ഭാഗമായാണ് തിരുശേഷിപ്പുകള്‍ രാജ്യത്ത് എത്തിച്ചത്. അമേരിക്കന്‍ ഐക്യനാടുകള്‍ രൂപീകരിച്ചതിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന പ്രതിഷ്ഠാചടങ്ങില്‍ 250 യു.എസ് മെത്രാന്മാര്‍ ചേര്‍ന്ന് യുഎസിനെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും.
ഫ്രാന്‍സിലെ പാരേ-ലെ-മോണിയല്‍ വിസിറ്റേഷന്‍ ആശ്രമത്തില്‍ നിന്നാണ് തിരുശേഷിപ്പുകള്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചത്. ഫ്രാന്‍സിലെ നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ അല്മായ നേതാവായ അര്‍നൗഡ് ബൂത്തിയോണ്‍ ആണ് തിരുശേഷിപ്പുകളെ അമേരിക്കയിലേക്ക് അനുഗമിച്ചത്. ന്യൂയോര്‍ക്കില്‍ എത്തിച്ച തിരുശേഷിപ്പുകള്‍ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലുള്ള നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ ആസ്ഥാനത്തേക്ക്് കൊണ്ടുപോയി. തിരുഹൃദയത്തിനായി പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തിലെ ആദ്യവാരം വിശ്വാസികള്‍ക്ക് ഇവിടെ തിരുശേഷിപ്പ് വണങ്ങാന്‍ അവസരം ലഭിക്കും.
ജൂണ്‍ 10 മുതല്‍ 12 വരെ ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന കത്തോലിക്കാ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തില്‍ തിരുശേഷിപ്പ് എത്തിക്കും. ജൂണ്‍ 12-ലെ തിരുഹൃദയ തിരുനാളിന് തൊട്ടുമുമ്പുള്ള ദിവസമായ ജൂണ്‍ 11-നാണ് മെത്രാന്മാര്‍ ഒന്നിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് അമേരിക്കയെ ഔദ്യോഗികമായി ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്നത്.
1673-ല്‍ ഫ്രാന്‍സിലെ വിസിറ്റേഷന്‍ ആശ്രമത്തില്‍ വെച്ചാണ്, മനുഷ്യകുലത്തോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്ന തന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഈശോാ മാര്‍ഗരറ്റ് മേരി അലക്കോക്കിന് നല്‍കുന്നത്. 1864-ല്‍ വിശുദ്ധയെ വാഴ്ത്തപ്പെട്ടവളായും 1920-ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ വിശുദ്ധയായും പ്രഖ്യാപിച്ചു.