കണ്ണൂരിലെ വ്ലോഗർമാരുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾക്ക് സംശയം. അന്വേഷണം ഡി.ഐ.ജി കെ. കാർത്തിക്കിന് കൈമാറി

 
ANOOP

കണ്ണൂർ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പ്രമുഖ വ്ലോഗർമാരായ അനൂപും ഷബീർ താണയും മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണത്തെത്തുടർന്ന് കേസിന്റെ അന്വേഷണച്ചുമതല കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക്കിന് കൈമാറി.

അപകടമരണത്തിന് പിന്നിൽ മുൻവൈരാഗ്യമോ ആസൂത്രിത കൊലപാതകമോ ഉണ്ടോയെന്ന കാര്യത്തിൽ വിശദമായ ഉന്നതതല അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ഒക്ടോബർ 15-ന് ദേശീയപാതയിൽ ഇടക്കാട് ഊപ്പഴശിക്കാവിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

 ഇടിയുടെ കനത്ത ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് ദേശീയപാതയ്ക്ക് താഴെയുള്ള സർവീസ് റോഡിലേക്ക് തെറിച്ചുവീണ അനൂപും ഷബീറും സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെടുകയായിരുന്നു.

കാർ ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായും കേവലം അശ്രദ്ധമൂലമുണ്ടായ അപകടമരണമെന്നുമായിരുന്നു ആദ്യഘട്ടത്തിൽ പോലീസിന്റെ കണ്ടെത്തൽ. പ്രതിയെ ചോദ്യം ചെയ്ത് പ്രാഥമിക നടപടികൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രാദേശിക പോലീസ്.

എന്നാൽ, കണ്ണൂരിലെ ശ്രദ്ധേയരായ വ്ലോഗർമാരായ അനൂപും ഷബീറും നിരവധി സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായി ഇടപെടുകയും ജനകീയ പ്രശ്നങ്ങളിൽ പരസ്യമായി നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിരുന്ന വ്യക്തികളാണ്.

അതിനാൽ ഇവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള മുൻവൈരാഗ്യമുണ്ടായിരുന്നോ എന്നും, ആസൂത്രിതമായി കാറിടിപ്പിച്ച് അപായപ്പെടുത്തിയതാണോ എന്നും ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു.

സംഭവം പ്രദേശത്ത് വലിയ ചർച്ചയാവുകയും പൊതുജനവികാരം ശക്തമാവുകയും ചെയ്തതോടെയാണ് ടി.ഒ. മോഹനൻ എം.എൽ.എ വിഷയത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകിയത്.

നിവേദനം ഗൗരവമായി പരിഗണിച്ച സർക്കാർ, കേസിന്റെ പൂർണ്ണ അന്വേഷണ മേൽനോട്ടം കണ്ണൂർ ഡി.ഐ.ജി കെ. കാർത്തിക്കിന് കൈമാറുകയായിരുന്നു.

Tags

Share this story

From Around the Web