രോഗവ്യാപനത്തിന് കാരണം മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ച: കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിൽ വീഴ്ചപ്പറ്റിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇത് മഴക്കാല രോഗവ്യാപനത്തിന് കാരണമായി. തെരഞ്ഞെടുപ്പ് വന്നത് അടക്കം പ്രവർത്തനങ്ങളെ ബാധിച്ചു.
പരിശോധനകൾ കൂട്ടിയതും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായി. യാഥാർഥ്യങ്ങൾ മൂടി വയ്ക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധ മാർഗങ്ങൾക്കായി വിദഗ്ധരുമായി യോഗം ചേർന്നിട്ടുണ്ടെന്നും കെ. മുരളീധരൻ അറിയിച്ചു.
പകർച്ച വ്യാധികൾ നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റിക്ക് രൂപം നൽകി. പകർച്ച പനികൾ നിയന്ത്രിക്കാൻ കലണ്ടർ തയ്യാറാക്കും. ഓരോ കാലവും ഉണ്ടാകുന്ന പകർച്ചവ്യാധികളുടെ വിവരങ്ങൾ വച്ചായിരിക്കും തയ്യാറാക്കുക.
പകർച്ചവ്യാധികൾ, മരുന്നുകൾ, മറ്റ് സജ്ജീകരണം ഇതൊക്കെ സർക്കാരിനെ അറിയിക്കാനാണ് ഹൈ പവർ കമ്മിറ്റി. റിപ്പോർട്ട് നൽകാനുള്ള ചുമതല മാത്രമേ കമ്മിറ്റിക്ക് ഉള്ളൂ. സംസ്ഥാന തലത്തിൽ കമ്മിറ്റി പ്രവർത്തിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.