കോർപറേറ്റ് മുതലാളിമാരുടെ ലാഭകൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്റെ യഥാർഥ മുഖമാണ് നിയമസഭയിൽ പുറത്തുവന്നത്: പിണറായി വിജയൻ

 
pinaray vijayan

തിരുവനന്തപുരം: കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭകൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്റെ യഥാർഥ മുഖമാണ് നിയമസഭയിൽ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ താൽപര്യങ്ങൾക്ക് അനുകൂലമായ എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുമെന്നും എതിരായതിനെ ശക്തമായി എതിർക്കുമെന്നും തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

ആദ്യഘട്ടത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വീക്ഷിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇതിന്റെ ഭാഗമായി സഭാ നടപടികളോട് പരമാവധി നല്ല രീതിയിൽ സഹകരിക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ കടുത്ത അനുഭവങ്ങളാണ് പ്രതിപക്ഷത്തിനുണ്ടായിരിക്കുന്നത്. നാടിന് വിരുദ്ധമായ ഒരുപാട് തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. പുതിയ നികുതി നിർദേശങ്ങൾ ഒന്നും ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നില്ല എന്നാണ് വ്യക്തമായത്.

വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് കാര്യാപദേശക സമിതിയിലും സർക്കാർ അറിയിച്ചിരുന്നു. ഇതിനെ പൂർണമായി വിശ്വാസത്തിലെടുത്ത പ്രതിപക്ഷത്തെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ധനകാര്യ ബില്ലിലൂടെ ചില മദ്യ കമ്പനികളെ സഹായിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയുള്ള ഒളിച്ചുകടത്തലാണ് നിയമസഭയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബില്ല് പാസാക്കാൻ അനാവശ്യമായ ധൃതിയും വാശിയുമാണ് സർക്കാരിൽ നിന്നുണ്ടായത്. മുഖ്യമന്ത്രി തന്നെയാണ് ഇതിനായി കടുംപിടിത്തം കാണിച്ചത്. മദ്യ കമ്പനികൾക്ക് നികുതിയിളവ് നൽകണമെന്ന കടുത്ത വാശി മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു.

യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഇത് നടപ്പാക്കൂ എന്നും, മുന്നണി വേണ്ട എന്ന് പറഞ്ഞാൽ വേണ്ടെന്നുവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം വെറും പ്രഹസനമാക്കി മാറ്റി. പരസ്യമായി നൽകിയ ഉറപ്പുകൾ പാലിക്കാൻ പറ്റില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ധനകാര്യ ബിൽ സഭയിൽ പാസാക്കിക്കഴിഞ്ഞ ശേഷം യുഡിഎഫിൽ ചർച്ച ചെയ്യുന്നതിൽ എന്താണ് പ്രസക്തിയെന്നും പിണറായി വിജയൻ ചോദിച്ചു.

Tags

Share this story

From Around the Web