മനുഷ്യജീവിതത്തിന്റെ നിലവാരം, നേട്ടങ്ങളെയല്ല മറിച്ച് സ്‌നേഹത്തെ ആശ്രയിച്ചാണുള്ളത്: ലിയോ പതിനാലാമന്‍ പാപ്പാ

​​​​​​​

 
le


വത്തിക്കാന്‍:ലെസ് ടര്‍ണര്‍ എഎല്‍എസ് ഫൗണ്ടേഷന്‍, തലച്ചോറിലെ നാഡീകോശങ്ങളെയും സുഷുമ്‌നയെയും ബാധിക്കുന്ന അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (എ എല്‍ എസ്) രോഗബാധിതര്‍ക്കു വേണ്ടി, ചിക്കാഗോയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമന്‍ പാപ്പായുടെ വീഡിയോ സന്ദേശത്തില്‍, മോട്ടോര്‍ ന്യൂറോണ്‍ രോഗങ്ങളെ മനസ്സിലാക്കുന്നതിനും, അവ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെയും ഗവേഷകരെയും അഭിനന്ദിക്കുകയും, അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു.  


ഗവേഷകരും, പരിചരണത്തില്‍ ഉള്‍പ്പെടുന്നവരും, രോഗബാധിതരും, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

'ഒരു കലാകാരനെ അവന്റെ സര്‍ഗ്ഗാത്മകത ഉപയോഗിക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയുന്നില്ലെങ്കില്‍, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിക്കായി  ദൈവം നല്‍കിയ പ്രത്യേകമായ  കഴിവുകള്‍ ആര്‍ജ്ജിച്ചവരെ  മറ്റുള്ളവരുടെ സേവനത്തിനായി ഉപയോഗിക്കുന്നതില്‍ നിന്നും തടയരുത്', എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. 

ഇസ്ലാം മതവിശ്വാസത്തില്‍, പരിചരണത്തില്‍ ഏര്‍പ്പെടുന്നവര്‍ മാലാഖമാരാണെന്നു പ്രത്യേകം എടുത്തു പറയുന്നതുപോലെ, ഈ രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നവര്‍ മാലാഖമാരാണെന്നു താന്‍  വിശ്വസിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഭക്തി, അറിവ്, വൈദഗ്ധ്യം  എന്നിവയ്ക്ക് പുറമെ ഈ രോഗികള്‍ക്ക് നല്‍കുന്ന വ്യക്തിപരവും, ത്യാഗപൂര്‍ണ്ണവുമായ പരിചരണം, മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നും, അതിനാല്‍ അവരാണ് നല്ല സമരിയക്കാരെന്നും പാപ്പാ പറഞ്ഞു.

തുടര്‍ന്ന് രോഗം ബാധിച്ചവരോട്, തന്റെ ചിന്തകളിലും, പ്രാര്‍ത്ഥനകളിലും അവര്‍ക്ക്  ഒരു പ്രത്യേക സ്ഥാനമുണ്ടെന്നു എടുത്തു പറഞ്ഞു. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നേട്ടത്തെ ആശ്രയിച്ചല്ലായെന്നും മറിച്ച് സ്‌നേഹത്തെ മാത്രം ആശ്രയിച്ചാണെന്നു പാപ്പാ പറഞ്ഞു. 

സഹനങ്ങളില്‍ മനുഷ്യസ്‌നേഹത്തിന്റെ അഗാധത ഉള്‍ക്കൊള്ളുവാനും, തങ്ങള്‍ക്ക് ലഭിക്കുന്ന  പരിചരണത്തിന് കൃതജ്ഞതയോടെ വര്‍ത്തിക്കുവാനും രോഗത്തിന്റെ ഈ കാലഘട്ടം സഹായിക്കട്ടെയെന്നും, അപ്രകാരം, സൃഷ്ടിയുടെ സൗന്ദര്യത്തെയും, ലോകത്തിലെ ജീവിതത്തെയും, സ്‌നേഹത്തിന്റെ രഹസ്യാത്മകതയും മനസിലാക്കുവാന്‍ സാധിക്കട്ടെയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നിരാശയില്‍ നിന്നും മോചിതരാകണമെന്നും, അതിനായി താന്‍  പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പാ വാത്സല്യപൂര്‍വ്വം അടിവരയിട്ടു.

Tags

Share this story

From Around the Web