ജീവിതത്തിന്റെ ലക്ഷ്യം യേശുവുമായി ഒന്നിക്കുകയും അവനിലൂടെ വിശുദ്ധി പ്രാപിക്കുകയും ചെയ്യേണ്ടതാണെന്ന് ലെയോ പാപ്പ യുവജനങ്ങളോട്
ജീവിതത്തിന്റെ ലക്ഷ്യം യേശുവുമായി ഒന്നിക്കുകയാണെന്നും അവനിലൂടെ വിശുദ്ധി പ്രാപിക്കുകയാണെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
2026 ഓഗസ്റ്റ് 15-16 തീയതികളില്‍ മെക്‌സിക്കോയിലെ മോണ്ടെറെയില്‍ നടക്കുന്ന മൂന്നാമത് ദേശീയ യുവജന ദിനത്തിന്റെ സംഘാടകര്‍ക്കും പങ്കാളികള്‍ക്കുമായി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഈ കാര്യം വ്യക്തമാക്കിയത്.
''ക്രിസ്തുവുമായുള്ള കൂട്ടായ്മയില്‍ നിന്ന് ഉത്ഭവിക്കുന്നതും നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നതുമായ ഒരു സമാഗമമാണിത്: അവനുമായി ഒന്നിക്കുക, അവന്റെ ജീവിതത്തില്‍ പങ്കുചേരുന്നതിലൂടെ നാം വിളിക്കപ്പെട്ടിരിക്കുന്ന വിശുദ്ധി കൈവരിക്കുക.'' പാപ്പ പറഞ്ഞു.
''തുടക്കം മുതല്‍ നിങ്ങള്‍ എന്നോടുകൂടെ ആയിരുന്നതുകൊണ്ട് നിങ്ങളും സാക്ഷ്യം വഹിക്കുവിന്‍'' (യോഹന്നാന്‍ 15:27) എന്ന വചനത്തെ ആസ്പദമാക്കിയുള്ള തിരുനാള്‍ പ്രമേയത്തിന് അനുസൃതമായി, ക്രിസ്തുവിനോടൊപ്പം നടക്കാനും വിശുദ്ധിക്കായി ആഗ്രഹിക്കാനും പരിശുദ്ധ പിതാവ് യുവജനങ്ങളോട് ആവശ്യപ്പെട്ടു.
''അക്രമം, ഉദാസീനത, അര്‍ത്ഥശൂന്യത എന്നിവ കാരണം നിങ്ങള്‍ക്ക് ചുറ്റും കാണുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും, ക്രിസ്തുവമായി ഒന്നിച്ചിരുന്നാല്‍ മാത്രമേ അവനില്‍ വിശ്വസിക്കാന്‍ ലോകത്തെ സഹായിക്കാന്‍ സാധിക്കൂ,'' പാപ്പ ഓര്‍മ്മിപ്പിച്ചു.
ഒടുവില്‍, യഥാര്‍ത്ഥത്തില്‍ മൂല്യമുള്ളത് എന്താണെന്ന് വിവേചിച്ചറിയാന്‍ ശാന്തമായി സമയം കണ്ടെത്താന്‍ പരിശുദ്ധ പിതാവ് അവരെ ക്ഷണിച്ചു.
സന്തോഷത്തോടും ആവേശത്തോടും കൂടെ ഈ ദിനത്തില്‍ പങ്കുചേരാന്‍ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച മാര്‍പാപ്പ, ഗ്വാഡലൂപ്പെ മാതാവിന്റെ മാതൃസഹജമായ സംരക്ഷണത്തിന് അവരെ ഭരമേല്‍പ്പിച്ചുകൊണ്ട് തന്റെ സന്ദേശം അവസാനിപ്പിച്ചു.