ദിവ്യബലി അര്‍പ്പിക്കുന്നതിനു ആവശ്യമായ വിശുദ്ധി
'അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു' (യോഹന്നാന്‍ 13:2).
ദിവ്യബലിക്ക് ഒരു പ്രത്യേകമായ വിശുദ്ധി ആവശ്യമാണെന്ന് തിരുവത്താഴവേളയില്‍ യേശു വ്യക്തമായി വെളിവാക്കുന്നുണ്ട്. ആരാണ് വലിയവന്‍ എന്ന അവര്‍ക്കിടയിലെ തര്‍ക്കം തീര്‍ക്കുവാനാണ് തന്റെ എളിമയുടെ പാഠം നല്‍കി കൊണ്ട് അവിടുന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകല്‍ നിര്‍വ്വഹിച്ചത്;
എളിമയുടെ പാഠം പകര്‍ന്ന് നല്‍കിയതിനോടൊപ്പം ദിവ്യബലിക്ക് ഹൃദയവിശുദ്ധി ആവശ്യമാണെന്നും അത് രക്ഷകനായ തനിക്ക് മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളെന്നും കൂടിയാണ് അവന്‍ അവര്‍ക്ക് മനസ്സിലാക്കി കൊടുത്തത്.
തന്റെ ശിഷ്യരില്‍ ഒരാള്‍ ഒഴികെയുള്ളവരുടെ വിശുദ്ധി അവന്‍ അംഗീകരിക്കുന്നുണ്ട്:- ''നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല'.
എന്നാല്‍, അവനെ ഒറ്റിക്കൊടുക്കുവാന്‍ തയ്യാറെടുത്തു കൊണ്ടിരുന്നവന് കപട വാക്കുകള്‍കൊണ്ടല്ലാതെ, അത്താഴവിരുന്നില്‍ പങ്ക് കൊള്ളുവാന്‍ കഴിഞ്ഞില്ല.
ക്രിസ്തു നല്‍കിയ അപ്പക്കഷണം സ്വീകരിച്ച ഉടനെ 'സാത്താന്‍ അവനില്‍ പ്രവേശിച്ചു' എന്നാണ് സുവിശേഷകന്‍ നമ്മോട് പറയുന്നത്.
വിശുദ്ധ കുര്‍ബാനയുടെ കൃപ ഒരുവനില്‍ പ്രവേശിക്കണമെങ്കില്‍, ആത്മാവിന്റെ വിശുദ്ധി അത്യാവശ്യമാണ്; അതില്ലെങ്കില്‍, ദിവ്യഭക്ഷണം ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമായി രൂപാന്തരപ്പെടും.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 4.6.83).