കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ മറ്റ് സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റു ചെയ്തതില്‍ കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ മറ്റ് സംഘടനകളുടെ സഹകരണത്തോടെ മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിക്കു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം.പി. മത്തായി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യവും മത സ്വാതന്ത്ര്യവും ലംഘിക്കുന്ന രീതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണകൂടത്തിന്റെ ഈ നടപടികള്‍ അഭിമാനകരമായ മതേതരത്വത്തിനും മതസഹിഷ്ണുതയ്ക്കും സാരമായ വെല്ലുവിളിയാണ് ഉണ്ടായിരിക്കുന്നതെന്നും എം.പി മത്തായി കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നും കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ട് ജനാധിപത്യ രീതിയില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിഎഫ്‌സി രൂപത ഡയറക്ടര്‍ റവ.ഡോ. ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് ഏനാനിക്കല്‍, സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ ജോയി നടുക്കുടി, രൂപത പ്രസിഡന്റ് ഡിഗോള്‍ കൊളമ്പേല്‍, എകെസിസി രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, നഗരസഭാംഗം ജോയ്‌സ് മേരി ആന്റണി, നിര്‍മല മെഡിക്കല്‍ സെന്റര്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, വൈഎംസിഎ പ്രസിഡന്റ് രാജേഷ് മാത്യു, വൈഡബ്ല്യുസിഎ പ്രസിഡന്റ് ഡോ. കുക്കു മത്തായി, തൊടുപുഴ ന്യൂമാന്‍ കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോജോ പാറത്തലയ്ക്കല്‍, ഡിഎഫ്‌സി ഫൊറോന പ്രസിഡന്റ് ജേക്കബ് തോമസ് ഇരമംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.