പ്രധാനമന്ത്രി ശനിയാഴ്ച കോട്ടയത്ത്. ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയ്ക്കു പോകും

 
Modi

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരുവല്ലയിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റര്‍ ഇറങ്ങുന്നതു ചങ്ങനാശേരിയില്‍. 4ന് വൈകിട്ട് 3ന് തിരുവല്ല നഗരസഭാ മൈതാനത്തു നടക്കുന്ന എന്‍.ഡി.എ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി പെരുന്ന എന്‍.എസ്.എസ് ഹിന്ദു കോളജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നത്. തുടര്‍ന്ന് എം.സി റോഡിലൂടെ കാര്‍ മാര്‍ഗം തിരുവല്ലയ്ക്കു പോകും.

ചങ്ങനാശേരിയില്‍നിന്നു തിരുവല്ലയിലേക്കുള്ള യാത്ര റോഡ്ഷോ പോലെ ക്രമീകരിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 4ന് തിരുവനന്തപുര ത്തെ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാണു മോഡി തിരുവല്ലയിലേക്ക് പോകുന്നത്. കൂടുതല്‍ സുരക്ഷാ പരിശോധനകളും യോഗങ്ങളും ഇന്നും നാളെ യുമായി നടക്കും. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കേന്ദ്രസേന അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ കോളേജ് മൈതാനം ഉപയോഗിക്കുന്നതിനായി എന്‍.എസ്.എസ് നേതൃത്വത്തില്‍ നിന്ന് അനുമതിയും നേടിയിട്ടുണ്ട്. സുരക്ഷയൊരുക്കാന്‍ വേണ്ട സൗകര്യം പാലായില്‍ ഇല്ലാത്തതിനാലാണു പ്രധാനമന്ത്രിയുടെ പാലാ സന്ദര്‍ശനം റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്.പി.ജി യുടെ പ്രത്യേക സംഘം പാലായില്‍ എത്തി പരിശോധന നടത്തി. എന്നാല്‍ സുരക്ഷാ അനുമതി ലഭിക്കാത്തതിനാല്‍ സന്ദര്‍ശനം വേണ്ടന്നു വയ്ക്കണ്ട സ്ഥിതി ഉണ്ടായതായി.
പ്രധാനമന്ത്രിക്കും ഓഫീസ് ജീവനക്കാര്‍ക്കും എസ്പിജി സംഘത്തിനും മറ്റ് സുരക്ഷാ ജീവനക്കാര്‍ക്കും പാലായില്‍ എത്തുന്നതിനായി മൂന്ന് ഹെലികോപ്ടറുകള്‍ ഇറങ്ങാന്‍ വേണ്ട സൗകര്യം സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഉണ്ട്. എന്നാല്‍ ചുരുങ്ങിയത് മുപ്പതിനായിരം ആളുകളെയെങ്കിലും പങ്കെടുപ്പിച്ചുള്ള പൊതു സമ്മേളനമോ റോഡ് ഷോയോ സുരക്ഷിതമായി നടത്താന്‍ വേണ്ട രീതിയിലുള്ള മൈതാനമോ വഴിയോ പാലായില്‍ ഇല്ലന്നാണു പരിശോധനക്ക് ശേഷം എസ്പിജി സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

ഗതാഗത നിയന്ത്രണം..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എം.സി റോഡില്‍ തിരുവല്ല മുതല്‍ ചങ്ങനാശേരി വരെ നാലാം തിയതി 12 മുതല്‍ ആറുവരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ചങ്ങനാശേരി എന്‍.എസ്.എസ് കോളജും പരിസരപ്രദേശങ്ങളും നാലാം തീയതി 12 മണിയോടുകൂടി പോലീസ് നിയന്ത്രണത്തില്‍ ആക്കും.


ആലപ്പുഴയില്‍നിന്നും വരുന്ന വാഹനങ്ങള്‍

ആലപ്പുഴയില്‍ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്കു വരുന്ന കെഎസ്ആര്‍ടിസി  ഉള്‍പ്പെടെയുളള വാഹനങ്ങള്‍ പൂര്‍ണമായും കിടങ്ങറ ജംഗ്ഷനില്‍ നിന്നും കുന്നുംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എം.സി റോഡില്‍ പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. ആലപ്പുഴയില്‍ നിന്നും തിരുവല്ല ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങള്‍ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാര്‍ വഴി തിരുവല്ല - അമ്പലപ്പുഴ റോഡിലെത്തി തിരുവല്ല ഭാഗത്തേയ്ക്ക് പോകണം. ആലപ്പുഴയില്‍ നിന്നും എ.സി റോഡിലൂടെ ചങ്ങനാശേരി ഭാഗത്തേയ്ക്കു വരുന്ന കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ആലപ്പുഴ റോഡില്‍ കൈലാത്ത്പമ്പിലും മാതാ വേബ്രിഡ്ജ് ഗ്രൌണ്ടിലും യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേ ണ്ടതാണ്. ആലപ്പുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ചേര്‍ത്തല, തണ്ണീര്‍മുക്കം, കുമരകം വഴി കോട്ടയത്തേയ്ക്ക് പോകേണം.

ചങ്ങനാശേരി ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങള്‍

ചങ്ങനാശേരി മാര്‍ക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാല്‍ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങള്‍ സെന്ററല്‍ വഴി കറുകച്ചാല്‍ ഭാഗത്തേയ്ക്കും, തിരുവല്ല ഭാഗത്തേയ്ള്ള  വാഹനങ്ങള്‍ എസ്. എച്ച് ജംഗ്ഷനില്‍ നിന്നും പായിപ്പാട് ഭാഗത്തേയ്ക്കും പോകേണ്ടതാണ്. ചങ്ങനാശേരി പാലാത്ര ബൈപാസ്സ് വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ റെയില്‍വേ ജംഗ്ഷന്‍ വഴി എസ്.എച്ച്. ജംഗ്ഷനില്‍നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് മുക്കാട്ട് പടി - നാലുകോടി - പായിപ്പാട്  വഴി കവിയൂര്‍ റോഡില്‍ പ്രവേശിച്ച് തിരുവനന്തപുരം ഭാഗത്തേയ്ക്കും, തിരിച്ച് പായിപ്പാട് നിന്നും പെരുന്തുരുത്തിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ നാലുകോടി - കുന്നുംപുറം- തെങ്ങണ വഴി കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്. ചങ്ങനാശേരിയില്‍ നിന്നും എ. സി റോഡ് വഴി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ചങ്ങനാശേരി ടൗണില്‍ പോസ്റ്റ് ഓഫീസ് ജങ്ഷന്‍ - പുഴവാത് അമ്പലം  റോഡില്‍ കൂടി ഇ.എം.എസ്  റോഡ് വഴി മനക്കച്ചിറ കുരിശടി ഭാഗത്ത് എ.സി റോഡിലെത്തി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.(ഇത് വണ്‍വേ ആയിരിക്കും).

കോട്ടയം ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങള്‍

കോട്ടയം ഭാഗത്തുനിന്നും എം.സി റോഡില്‍ കൂടി തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളില്‍ മതുമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ഒഴികെയുളള വാഹനങ്ങള്‍ പൂര്‍ണ്ണമായും പാലാത്ര ജംഗ്ഷനില്‍ നിന്നും ബൈപ്പാസിലൂടെ എസ്.എച്ച് ജംഗ്ഷനിലെത്തി നാലുകോടി, പായിപ്പാട് വഴി കവിയൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. കോട്ടയത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴി, വടവാതൂര്‍, മണര്‍കാട്, പുതുപ്പളളി, കറുകച്ചാല്‍, മല്ലപ്പളളി  കോഴഞ്ചേരി വഴി തിരുവനന്തപുരം പോകേണ്ടതാണ്.കോട്ടയം ഭാഗത്തുനിന്നും പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴി, പുതുപ്പളളി, കറുകച്ചാല്‍, നെടുങ്ങാടപ്പള്ളി, മല്ലപ്പളളി, പുല്ലാട്, കോഴഞ്ചേരി വഴി പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. കോട്ടയം ടൗണില്‍നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കുമരകം, തണ്ണീര്‍മുക്കം, ചേര്‍ത്തല വഴി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍

തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുളക്കുഴ, പുത്തന്‍കാവ്, ആറാട്ടുപുഴ, കോയിപ്രം, പുല്ലാട്, മല്ലപ്പളളി, മണര്‍കാട് ബൈപ്പാസ് റോഡെ പട്ടിത്താനം ജങ്ഷനിലെത്തി എറണാകുളത്തേയ്ക്കും, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടവര്‍ മണര്‍കാട് ഭാഗത്ത് നിന്നും കെ.കെ റോഡ് വഴി കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്. തിരുവനന്തപുരം ഭാഗത്ത് നിന്നും എംസി റോഡ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ചെങ്ങന്നൂരുനിന്നും മുണ്ടന്‍കാവ്, പാണ്ടനാട്, പരുമല, മാന്നാര്‍, പൊടിയാടി, ചക്കുളത്തുകാവ്, അമ്പലപ്പുഴ വഴി ഹൈവെയിലെത്തിയോ ആല്ലെങ്കില്‍ ചക്കുളത്തുകാവില്‍ നിന്നും മുട്ടാര്‍, കിടങ്ങറ, വഴി എ.സി റോഡിലെത്തി ആലപ്പുഴ വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകാവുന്നതാണ്.
ഉച്ചക്ക് 12 മുതല്‍ ചങ്ങനാശേരി തിരുവല്ല റൂട്ടുകളില്‍ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതും ഗതഗഗ നിയന്ത്രണം ഉച്ചക്ക് ഒന്നുമുതല്‍ ചങ്ങനാശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും, ഉച്ചക്ക് രണ്ടുമുതല്‍ ചങ്ങനാശേരി നഗരവും പരിസരവും വാഹനഗതാഗതം ഒഴിവാക്കി പൊലീസിന്റെ  പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കുന്നതും ആയിരിക്കുമെന്ന് ജില്ലാ പോലീസ് മോധാവി അറിയിച്ചു.

Tags

Share this story

From Around the Web