ഏതൊരു രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പ്രാഥമിക കർത്തവ്യം ഒരു ഉത്തമ കാഴ്ചപ്പാട് നൽകുക എന്നതാണ്: പാപ്പാ
ആധുനിക യൂറോപ്പിന്റെ സ്ഥാപക പിതാക്കന്മാരായി കണക്കാക്കപ്പെടുന്ന അഡെനോവർ, ഡി ഗാസ്പെരി, ഷൂമാൻ തുടങ്ങിയ വ്യക്തികളിൽ നിന്ന് രാഷ്ട്രീയ പ്രചോദനം ഉൾക്കൊണ്ട യൂറോപ്യൻ പീപ്പിൾസ് പാർട്ടി അംഗങ്ങളുമായി പരമ്പരാഗതമായി തുടരുന്ന, പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക്, ഈ വർഷം അവസരമൊരുങ്ങിയതിൽ ലിയോ പതിനാലാമൻ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് , വത്തിക്കാനിൽ വച്ച്, കൂടിക്കാഴ്ച്ച നടത്തിയത്.
ഇരുപതു വർഷങ്ങൾക്ക് മുമ്പ് ബെനഡിക്ട് പതിനാറാമൻ പാപ്പായെ പോലെ, താനും യൂറോപ്പിന്റെ ക്രിസ്തീയ പൈതൃകത്തെ, യൂറോപ്യൻ പീപ്പിൾസ് പാർട്ടി അംഗീകരിക്കുന്നതിൽ ഏവരെയും അഭിനന്ദിക്കുന്നുവെന്നു എടുത്തുപറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നും പിറവിയെടുത്ത ഇത്തരമൊരു യൂറോപ്യൻ പദ്ധതി, അത്തരമൊരു സംഘർഷം വീണ്ടും സംഭവിക്കാതിരിക്കാനുള്ള പ്രായോഗിക ആവശ്യകതയിൽ നിന്നുമാണ് രൂപം കൊണ്ടതെന്ന സത്യവും പാപ്പാ അടിവരയിട്ടു. രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച പ്രതികാരത്തിന്റെയും സംഘർഷത്തിന്റെയും രീതിക്കു പകരം, ക്രിസ്തീയ തത്ത്വങ്ങളെ അവർ ഉൾക്കൊണ്ടുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഈ ആശയത്തെ സംഗ്രഹിക്കുന്ന മനോഹരവും ലളിതവുമായ ഒരു പദപ്രയോഗം, "ഐക്യം സംഘർഷത്തേക്കാൾ വലുതാണ്" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളാണെന്നതും പാപ്പാ അടിവരയിട്ടു. സംഘർഷം, പരസ്പരമുള്ള വൈരുദ്ധ്യങ്ങളെ ഉയർത്തിക്കാട്ടുകയും അധികാരത്തിന്റെ പിന്തുടരലും അവകാശവാദവും വളർത്തുകയും, ആത്യന്തികമായി നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാൽ ഏതൊരു രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പ്രാഥമിക കർത്തവ്യം ഒരു ഉത്തമ കാഴ്ചപ്പാട് നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം കാരുണ്യപ്രവർത്തനത്തിന്റെ ഏറ്റവും ഉയർന്ന രൂപം ആണെന്നും, കാരണം അത് പൊതുനന്മ കെട്ടിപ്പടുക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഒരു ആദർശം പിന്തുടരുക എന്നതിനർത്ഥം ഒരു പ്രത്യയശാസ്ത്രത്തെ മഹത്വവൽക്കരിക്കുക എന്നല്ല മറിച്ച് മനുഷ്യ വ്യക്തിയെ കേന്ദ്രസ്ഥാനത്ത് നിർത്തുക എന്നാണെന്നു ഡി ഗാസ്പെരിയുടെ വാക്കുകളിൽ പാപ്പാ അടിവരയിട്ടു.
യൂറോപ്യൻ പീപ്പിൾസ് പാർട്ടി എന്നതിന്റെ അർത്ഥം തന്നെ, പ്രതിബദ്ധതയുടെ ഹൃദയഭാഗത്താണ് ജനങ്ങൾ എന്നതാണെന്നും, അവർ കേവലം രാഷ്ട്രീയ നിർദ്ദേശങ്ങളുടെയും തീരുമാനങ്ങളുടെയും നിഷ്ക്രിയ സ്വീകർത്താക്കളല്ല; എല്ലാറ്റിനുമുപരിയായി, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം പങ്കിടുന്ന സജീവ പങ്കാളികളാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
സമീപ വർഷങ്ങളിൽ രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്നങ്ങളിലൊന്ന് ജനങ്ങളും അവരുടെ പ്രതിനിധികളും തമ്മിലുള്ള ഐക്യം, സഹകരണം, പരസ്പര ഇടപെടൽ എന്നിവയുടെ ക്രമാനുഗതമായ കുറവാണെന്നും, അതിനാൽ, വ്യക്തിപരമായ സമ്പർക്കം ഉൾക്കൊള്ളുന്ന ഒരു കർമ്മപദ്ധതി ആവിഷ്കരിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.
പലപ്പോഴും മുദ്രാവാക്യങ്ങൾ മാത്രം അടങ്ങിയതും, ആളുകളുടെ യഥാർത്ഥ ആവശ്യങ്ങളോട് പ്രതികരിക്കാൻ കഴിവില്ലാത്തതുമായ ഒരു രാഷ്ട്രീയത്തിനു പകരം, ക്രിസ്ത്യൻ-ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കി, രാഷ്ട്രീയത്തിൽ ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി പ്രവർത്തിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. എപ്പോഴും സുവിശേഷാത്മകമായ ഒരു ജീവിതം നയിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.
കുടിയേറ്റത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുക, കഷ്ടപ്പെടുന്നവരെ പരിപാലിക്കുക, കുടിയേറ്റക്കാരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും സമന്വയിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുക, സൃഷ്ടിയോടുള്ള പരിചരണം, നിർമ്മിത ബുദ്ധി എന്നിവ പോലുള്ള നമ്മുടെ കാലത്തെ വലിയ വെല്ലുവിളികളെ പ്രത്യയശാസ്ത്രപരമല്ലാത്ത രീതിയിൽ അഭിമുഖീകരിക്കുക എന്നത്, ക്രിസ്ത്യാനിയായ രാഷ്ട്രീയ പ്രവർത്തകന്റെ സേവനങ്ങളുടെ ഭാഗമാകണമെന്നും, മതസ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും മനഃസാക്ഷിയും സംരക്ഷിക്കുന്ന സത്യത്തിൽ വേരൂന്നിയ രാഷ്ട്രീയമാകണം ലക്ഷ്യമെന്നും പാപ്പാ പറഞ്ഞു.