പൗരോഹിത്യ സ്വീകരണം അവസാന ഘട്ടമല്ല, മറിച്ച് ഒരു ആജീവനാന്ത യാത്രയുടെ ആരംഭമാണ്: മാര്‍ റാഫേല്‍ തട്ടില്‍
 

 
MAR RAFEL THATTTL

കൊച്ചി: വൈദിക രൂപീകരണം സെമിനാരി പരിശീലന വര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല; മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തില്‍ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണിതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. 


പുരോഹിതന്‍ തുടര്‍ച്ചയായ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു. സഭ എപ്പോഴും നവീകരിക്കപ്പെടുന്നതുപോലെ, പുരോഹിതനും നവീകരണത്തിനും പരിവര്‍ത്തനത്തിനും തുറന്നിരിക്കണം.

രൂപീകരണം പൗരോഹിത്യ സ്വീകരണത്തില്‍ അവസാനിക്കുന്നില്ല - അത് നാം ജീവിക്കുന്ന കാലത്തിനനുസൃതമായ രൂപഭാവങ്ങള്‍ സ്വീകരിക്കുന്നു. 

വിശ്വസ്തതയോടും, വിനയത്തോടും കൂടെ, അജപാലന ശുശ്രൂഷയുടെയും വിശ്വാസികളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും മറുപടിയായി വിശുദ്ധിയില്‍ വേരൂന്നിയ ഒരിക്കലും അവസാനിക്കാത്ത യാഥാര്‍ത്ഥ്യമാണിത്.

 യുവ പുരോഹിതരുടെ തുടര്‍പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് ഇത് പറഞ്ഞത്. 

സീറോമലബാര്‍ മേജര്‍ ആര്‍കിഎപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, ചാന്‍സലര്‍ റവ. ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, വൈദിക കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ടോം ഒലിക്കരോട്ട് എന്നിവരും പരിപാടിയില്‍ സംസാരിച്ചു. 


സീറോ മലബാര്‍ സഭയിലെ 14 രൂപതകളില്‍നിന്നുമുള്ള 35 വൈദികരാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. 

ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ ചെയര്‍മാനായിട്ടുള്ള വൈദീകര്‍ക്കുവേണ്ടിയുള്ള കമ്മീഷനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web