തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു. തെങ്ങുകയറ്റ തൊഴിലാളികള്‍ പ്രതിഫലം വര്‍ധിപ്പിച്ചു. കൂട്ടിയത് ഒരു തെങ്ങിന് 10 മുതല്‍ 20 രൂപ വരെ

കോട്ടയം: വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പു നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു.
ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഓണത്തിന് മുന്‍പു വെളിച്ചെണ്ണ വില 500 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തേങ്ങക്ക് വില കുതിച്ച് കയറിയതോടെ ചില ഹോട്ടലുടമകള്‍ തേങ്ങ ചമ്മന്തി നിര്‍ത്തലാക്കി.
വെളിച്ചെണ്ണക്കും വില വര്‍ദ്ധിച്ചതോടെ വീട്ടമ്മമാര്‍ സങ്കടത്തിലാണ്. തേങ്ങക്കും ചിരട്ടക്കും ഇത്രയും വില കൂടിയ ചരിത്രമില്ലന്നാണ് തേങ്ങ വ്യാപാരികള്‍ പറയുന്നത്.
അതേസമയം തേങ്ങയ്ക്കു വില കൂടിയതോടെ തെങ്ങുകയറ്റ തൊഴിലാളികള്‍ പ്രതിഫലം വര്‍ധിപ്പിച്ചു.
കൂട്ടിയത് ഒരു തെങ്ങിന് പത്തുരൂപവെച്ചാണ് വര്‍ധിപ്പിച്ചത്. ഒരു തെങ്ങിന് 70 മുതല്‍ 100 രൂപ വരെയാണ് ഈടാക്കുന്നത്.
തേങ്ങയ്ക്കു വില വര്‍ധിക്കുമ്പോഴും തങ്ങള്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതു കേരളത്തിലെ നാളികേര കര്‍ഷകര്‍ പറയുന്നു.
ഉല്‍പ്പാദനത്തില്‍ കുത്തനെയുള്ള ഇടിവാണ് കര്‍ഷകര്‍ നേരിടുന്നത്. കുറഞ്ഞ സംഭരണ നിരക്കും ഉയര്‍ന്ന വളം വിലയും മൂലം ചെറുകിട കര്‍ഷകര്‍ അടുത്ത കാലത്തായി തെങ്ങുകളുടെ വളപ്രയോഗം, മുകള്‍ഭാഗം വൃത്തിയാക്കല്‍ തുടങ്ങിയവ നിര്‍ത്തിവച്ചിരിക്കുകയാണ്.
കൂടാതെ തെങ്ങ് കയറ്റക്കാര്‍ പണിക്കൂലി കൂട്ടിയതും തിരിച്ചടിയാണ്. ഇത് താങ്ങാനാവില്ലെന്നും കര്‍ഷകര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം, മഴയുടെ കുറവ് തുടങ്ങിയവ കാരണവും ഉല്‍പ്പാദനക്ഷമതയില്‍ കുറവ് വന്നു. തെങ്ങുകള്‍ക്കുണ്ടാകുന്ന കീടങ്ങളും രോഗബാധയും കര്‍ഷകരെ വലയ്ക്കുന്നു.
ഒരു തെങ്ങിന് 50 ഓളം തേങ്ങകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് സമീപ വര്‍ഷങ്ങളില്‍ ഉല്‍പ്പാദനക്ഷമത 10-15 തേങ്ങകളായി കുറയുന്നതായും കര്‍ഷകര്‍ പറയുന്നു. പത്തില്‍ താഴെ തേങ്ങ കിട്ടുന്ന സമയങ്ങളും ഉണ്ട്. ഇതുണ്ടാക്കുന്നത് വലിയ പ്രതിസന്ധിയാണെന്നും കര്‍ഷകര്‍ പറയുന്നു.