കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില ഇരട്ടിയായി; ഇറച്ചി വിലയും കുതിച്ചുയരും?

​​​​​​​

 
hen and peacock

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കുതിച്ചുയരുന്നത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയോളമാണ് വര്‍ദ്ധിച്ചത്. 


തീറ്റ നിര്‍മ്മാണത്തിനാവശ്യമായ ചോളം, സോയ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ലഭ്യതക്കുറവാണ് ഈ വിലക്കയറ്റത്തിന് കാരണം. ഇതിനൊപ്പം കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമായി വര്‍ദ്ധിച്ചത് കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 


വരാനിരിക്കുന്ന ഓണം സീസണ്‍ ലക്ഷ്യമിട്ട് കോഴിവളര്‍ത്തല്‍ നടത്തുന്ന കര്‍ഷകര്‍ക്ക് ഈ പ്രതിസന്ധി വലിയ തിരിച്ചടിയാണ്. ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതോടെ ഓണക്കാലത്ത് വിപണിയില്‍ കോഴിയിറച്ചി വില വന്‍തോതില്‍ ഉയരുമെന്നാണ് സൂചന.

കോഴി വിപണിക്ക് പിന്നാലെ സാധാരണക്കാരുടെ നിത്യോപയോഗ പച്ചക്കറി സാധനങ്ങളുടെ വിലയും ജനങ്ങള്‍ക്ക് താങ്ങാനാകാത്ത വിധം കുതിക്കുകയാണ്. പ്രത്യേകിച്ച് ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിപണിയില്‍ തീവില. 

മഴ ശക്തമായതോടെ രണ്ടാഴ്ച കൊണ്ട് ഇഞ്ചിയുടെ വില കുത്തനെ ഉയര്‍ന്ന് കിലോയ്ക്ക് 260 രൂപയിലെത്തി. മൊത്തവ്യാപാര വിപണിയില്‍ ഗുണനിലവാരമനുസരിച്ച് ഇഞ്ചി വില കിലോയ്ക്ക് 230 രൂപ മുതല്‍ 300 രൂപ വരെയാണ് രേഖപ്പെടുത്തുന്നത്. വെറും ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 160 രൂപയായിരുന്ന സ്ഥാനത്താണിത്. 

ആഗോളതലത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധികളുമാണ് വിപണിയിലെ ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags

Share this story

From Around the Web