കോഴിയിറച്ചിക്കും മുട്ടയ്ക്കും വില കുത്തനെ ഉയര്‍ന്നു. കോഴിയിറച്ചിക്ക് 240 മുതല്‍ 250 രൂപ വരെ. കോഴിമുട്ട 8.50 രൂപ. പ്രതിസന്ധിക്ക് പ്രധാന കാരണം കോഴിത്തീറ്റയുടെ വിലക്കയറ്റം

 
egg and chicken

തൃശ്ശൂരില്‍ പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും മുട്ടയ്ക്കും വില കുത്തനെ ഉയര്‍ന്നു. നിലവില്‍ ഒരു കിലോ കോഴിയിറച്ചിക്ക് 240 മുതല്‍ 250 രൂപ വരെയാണ് വിപണി വില. ജീവനുള്ള കോഴിക്ക് കിലോയ്ക്ക് 164 മുതല്‍ 170 രൂപ വരെയും, കോഴിമുട്ട ഒന്നിന് 8.50 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്.

കോഴിത്തീറ്റയുടെ വിലക്കയറ്റമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1,350 രൂപയില്‍ നിന്ന് 1,850 രൂപയായി 500 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ചോളം, സോയാബീന്‍, ഗോതമ്പ്, ഉണക്കമീന്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് തീറ്റ വില വര്‍ദ്ധിപ്പിച്ചത്. 

ചോളം ഉള്‍പ്പെടെയുള്ളവ എത്തനോള്‍ നിര്‍മ്മാണത്തിനായി വഴിതിരിച്ചുവിടുന്നതാണ് ദൗര്‍ലഭ്യമുണ്ടാക്കുന്നതെന്നും, മഴ കുറഞ്ഞതിനാല്‍ ഉത്പാദനം കുറയുമെന്ന ഭീതിയുള്ളതായും ആക്ഷേപമുണ്ട്.

കേരളത്തിലേക്ക് ആവശ്യമായ കോഴിയുടെ 70 ശതമാനവും മുട്ടയുടെ 80 ശതമാനവും തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ആഭ്യന്തര ഉത്പാദനത്തിലെ കുറവ് മുതലെടുത്ത് വന്‍കിട ഫാമുകള്‍ കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നതായും ആരോപണമുണ്ട്.

സാധാരണയായി കര്‍ക്കടകമാസത്തില്‍ ഇറച്ചിയുത്പന്നങ്ങള്‍ക്ക് വില കുറയേണ്ടതാണെങ്കിലും ഇത്തവണത്തെ വിലക്കയറ്റം കച്ചവടത്തെ സാരമായി ബാധിച്ചു.

 തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ പ്രതിദിനം 3,000 കിലോ കോഴിയിറച്ചി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് പകുതിയായി കുറഞ്ഞു. ഹോട്ടലുകാരും കാറ്ററിങ് മേഖലയിലുള്ളവരും ഇറച്ചി വാങ്ങുന്ന അളവ് ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. 

ഇതിനുപുറമേ, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിലുള്ള നിയന്ത്രണം കാരണം പോത്തിറച്ചിക്കും ഈസ്റ്റര്‍ കാലത്തുണ്ടായിരുന്ന കിലോയ്ക്ക് 500 രൂപയെന്ന ഉയര്‍ന്ന വില തന്നെ തുടരുകയാണ്.

Tags

Share this story

From Around the Web