ഒരു നാടിന്റെ പ്രാർത്ഥനകൾ വിഫലം; സിക്കിം തുരങ്കദുരന്തത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ പാമ്പാടി പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗവും.
നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജരായ ജിയോളജിസ്റ്റ് അനീഷ് മോഹൻ്റെ മൃതദേഹം ഇന്നലെ രാത്രി 11 ന് കണ്ടെത്തി. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്.
ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001-04ൽ കോട്ടയം നാട്ടകം ഗവ കോളജിൽ നിന്ന് ബി.എസ്.സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു.
പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി. 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. ആരവ് , കാർത്ത്യായനി എന്നിവരാണ് മക്കൾ.
ശാസ്ത്രവിഷയങ്ങൾ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ച 'Scientific Malayali' യൂട്യൂബ് ചാനലിലൂടെ അനീഷ് നിരവധി മലയാളികൾക്ക് സുപരിചിതനാണ്.
അനീഷ് മോഹൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു നാട്. വെള്ളൂർ പത്താഴക്കുഴിയിലെ കൂരോത്തുപറമ്പ് വീട്ടിലാണ് മകൻ്റെ വരവ് കാത്ത് പിതാവ് ടി.കെ.മോഹനനും, അമ്മ അമ്മിണിക്കുട്ടിയുമുള്ളത്. ഇളയ മകളും എട്ടുമാസം മാത്രം പ്രായമുള്ള കാർത്യായനിയുടെ 28 കെട്ട് ചടങ്ങിനായാണ് അവസാനമായി അനീഷ് വീട്ടിലെത്തിയത്.
ഏതാനും ദിവസങ്ങൾ ചിലവിട്ട ശേഷം ഓണത്തിന് വരാമെന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്. കഴിഞ്ഞ ദിവസം കാണാതാകുന്നതിന് തലേന്ന് വൈകിട്ട് വരെ പാമ്പാടിയിലെ വീട്ടിലേക്ക് അനീഷ് വിളിച്ചിരുന്നു. കിഡ്‌നി രോഗിയായ അമ്മയുടെ സുഖവിവരവും അന്വേഷിച്ചിരുന്നു.
രണ്ടു ദിവസമായി വിളിക്കാത്തതിലുള്ള പരിഭവം മകൻ്റെ തിരോഥാനം അറിയാത്ത അമ്മിണിക്കുട്ടി ബന്ധുക്കളോടും ഭർത്താവ് ടി.കെ.മോഹനനോടുമാണ് പങ്കുവയ്ക്കുന്നത്.
കാലാവസ്‌ഥ പ്രതികൂലമായതിനാലാണ് വിളിക്കാൻ കഴിയാത്തതെന്നാണ് അമ്മിണിക്കുട്ടിയോട് പറഞ്ഞിരിക്കുന്നത്. സഹോദരൻ ബിനീഷ് മോഹൻ, അനീഷിന്റെ ഭാര്യ സംഗീത, ഇവരുടെ സഹോദരൻ സനൽ സദാനന്ദൻ തുടങ്ങിയവർ സിക്കിമ്മിൽ എത്തിയിട്ടുണ്ട്.