ഇളവുകള്‍ ദുരുപയോഗം ചെയ്ത് റീല്‍സടക്കം എടുക്കുന്ന രീതി അവസാനിച്ചേ മതിയാവൂ; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം:എമര്‍ജന്‍സി വാഹന ഡ്രൈവര്‍മാര്‍ മറ്റെല്ലാ വാഹന ഡ്രൈവര്‍മാരെക്കാളും ജാഗ്രതയോടെയും, ശ്രദ്ധയോടെയും വാഹനമോടിക്കേണ്ടവരാണ്. ഒരു സെക്കന്റിന്റെ അശ്രദ്ധ വലിയ ദുരന്തത്തിനു കാരണമാകും. നിയമപരമായി നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്ത് റീല്‍സടക്കം എടുക്കുന്ന രീതി അവസാനിച്ചേ മതിയാവൂ.
മോട്ടോര്‍ വെഹിക്കിള്‍സ് ഡ്രൈവിംഗ് റെഗുലേഷന്‍ 2017. റെഗുലേഷന്‍ 27 പ്രകാരം
എമര്‍ജന്‍സി വാഹനങ്ങള്‍ അതായത് അമ്പുലന്‍സ്, ഫയര്‍ എന്‍ജിന്‍, പോലീസ്, മറ്റ് അടിയന്തര സേവന വാഹനങ്ങള്‍. അടിയന്തര പ്രതിസന്ധി നേരിടുമ്പോള്‍ മാത്രമേ മള്‍ട്ടി-ടോണ്‍ഡ് ഹോണ്‍ (സൈറന്‍)യും മള്‍ട്ടി-കളര്‍ ലൈറ്റ് (ഫ്ലാഷര്‍)യും ഉപയോഗിക്കാവൂ.
സൈറണും ഫ്ലാഷറും പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തര വാഹനങ്ങള്‍ക്ക് മറ്റു വാഹനങ്ങളെക്കാള്‍ പൂര്‍ണമായി മുന്‍ഗണന ഉണ്ട്. അത്യന്തം അത്യാവശ്യമായ ഘട്ടങ്ങളില്‍ അടിയന്തര വാഹനങ്ങളുടെ ഡ്രൈവര്‍ക്ക് പരമാവധി ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാം:
ചുവപ്പ് ലൈറ്റ് കടക്കാം.
വേഗ പരിധി മറികടക്കാം.
റോഡിന്റെ ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിക്കാം.
''നോ എന്‍ട്രി'' അല്ലെങ്കില്‍ ''വണ്‍ വേ'' തെറ്റിക്കാം.
ഒരേ സമയത്ത് ഒന്നിലധികം അടിയന്തര വാഹനങ്ങള്‍ വരുമെങ്കില്‍ മുന്‍ഗണന ക്രമം:
1.ഫയര്‍ സര്‍വീസ് വാഹനം
ആംബുലന്‍സ്
പോലീസ് വാഹനം
മറ്റു സര്‍ക്കാര്‍ അംഗീകരിച്ച അടിയന്തര സേവനവാഹനങ്ങള്‍.
സൈറന്‍/ഫ്ലാഷര്‍ ഉപയോഗിച്ചുകൊണ്ടുള്ള അടിയന്തര വാഹനം സമീപിക്കുകയോ മുന്നില്‍ വരുകയോ ചെയ്താല്‍ എല്ലാ മറ്റ് വാഹനങ്ങളും ഉടനടി യീല്‍ഡ് ചെയ്ത് ഇടത്തേക്ക് ഒതുക്കുക. ആവശ്യമെങ്കില്‍ നിര്‍ത്തികൊടുക്കുക്കുക. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ സൈറന്‍/ഫ്ലാഷര്‍ ഉപയോഗിക്കുന്ന അടിയന്തര വാഹനങ്ങളില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ ദൂരം പാലിക്കേണ്ടതാണ്.