കറന്റ് പോയി, കുട്ടികള്‍ നിലത്ത് ഇഴഞ്ഞു; തറയില്‍ ഒഴുകിയ കീടനാശിനി ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവനെടുത്തു,ഇത്രയും വലിയ അളവില്‍ വിഷവസ്തു വാടകവീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നെന്ന് മാതാപിതാക്കള്‍
അടിമാലി: വീട്ടില്‍ കറന്റ് പോയ സമയത്ത് അടുക്കളയില്‍ ഇഴഞ്ഞുനടന്ന ഒരുവയസ്സുകാരായ ഇരട്ടക്കുട്ടികള്‍ക്ക് മരണം സംഭവിച്ചത് പഴകിയ കീടനാശിനിക്കുപ്പി പൊട്ടിയതോടെ തറയില്‍ ഒഴുകിയ വിഷം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം നിഗമനം. ഒഴുവത്തടം വലിയകാട്ടില്‍ അഫ്സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാനും ഇഹാനുമാണ് മരിച്ചത്. അടുക്കളയിലെ കോണ്‍ക്രീറ്റ് തട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനിക്കുപ്പി കാലപ്പഴക്കത്തില്‍ പൊട്ടി വിഷദ്രാവകം താഴേക്ക് ഒഴുകിയിരുന്നു. ഇതുവഴി ഇഴഞ്ഞുനടന്ന കുട്ടികളുടെ ശരീരത്തിനുള്ളില്‍ വിഷം അബദ്ധത്തില്‍ എത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. അഫ്സല്‍ മൂത്ത മകന്‍ രണ്ടര വയസ്സുകാരന്‍ അഹിലിനൊപ്പം മുറിയില്‍ ടി.വി. കാണുകയായിരുന്നു. ഇതിനിടെയാണ് കറന്റ് പോയത്. സാന്ദ്ര അടുക്കളയിലായിരുന്നു. അവിടെ ഇരട്ടക്കുട്ടികളും ഇഴഞ്ഞുനടക്കുകയായിരുന്നു. പിന്നീട് കുട്ടികള്‍ അസ്വസ്ഥത കാണിച്ചതോടെ കൈകളും മുഖവും കഴുകി. പരിസരം പരിശോധിച്ചപ്പോഴാണ് അടുക്കളയിലെ കോണ്‍ക്രീറ്റ് തട്ടിന് താഴെ പച്ചനിറത്തിലുള്ള ദ്രാവകം ഒഴുകിക്കിടക്കുന്നതും കുട്ടികളുടെ കൈകളില്‍ അതിന്റെ നിറം കാണുന്നതും ശ്രദ്ധയില്‍പ്പെട്ടത്. ഇത് തിന്നര്‍ പോലെയുള്ള ഏതോ ദ്രാവകമാണെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. കുട്ടികളുടെ അസ്വസ്ഥത കൂടിയതോടെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അടിമാലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടികളുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയതായി ഡോക്ടര്‍ പോലീസിനെ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. മൃതദേഹങ്ങള്‍ പത്താംമൈല്‍ ടൗണ്‍ ജുമാ മസ്ജിദില്‍ കബറടക്കി.
സംഭവത്തിന് പിന്നാലെ കുട്ടികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തി. അടുക്കളയിലെ കോണ്‍ക്രീറ്റ് തട്ടില്‍ കാലപ്പഴക്കം ചെന്ന കീടനാശിനിക്കുപ്പി കണ്ടെത്തി. തകരക്കുപ്പിയുടെ അടിഭാഗം കാലപ്പഴക്കത്തില്‍ പൊട്ടി ദ്രാവകം പുറത്തേക്ക് ഒഴുകിയ നിലയിലായിരുന്നു. ഏറെക്കാലമായി കുപ്പി തുറന്നിട്ടില്ലെന്നും അടുക്കളയുടെ നിലത്തും തട്ടിലും വിഷം ഒലിച്ചിറങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. ഇത്രയും വലിയ അളവില്‍ വിഷവസ്തു വാടകവീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് അടിമാലി എസ്.എച്ച്.ഒ. അജീഷ് കെ. ജോണ്‍ അറിയിച്ചത്.