തിരൂരങ്ങാടിയില്‍ 14കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും
തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയില്‍ 14 വയസ്സുകാരന്‍ ജുനൈദ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംഭവത്തില്‍ മന്ത്രി അനുശോചനം രേഖപ്പെടുത്തി. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്താത്തതുമായ വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. ജുനൈദിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും വീഴ്ച കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ എന്തെങ്കിലും പരാതികള്‍ ലഭിച്ചിരുന്നോയെന്നും ലഭിച്ച പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. മരിച്ച ജുനൈദിന്റെ കുടുംബത്തിന് കെഎസ്ഇബി ബോര്‍ഡിന്റെ ഭാഗത്തുനിന്ന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.