സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; തുടര്‍ച്ചയായ മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല

 
kseb

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയില്ല. 

മധ്യപ്രദേശില്‍ നിന്ന് ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിക്ക് പുറമെ 300 മെഗാവാട്ട് കൂടി അധികമായി ലഭിച്ചതാണ് ആശ്വാസമായത്. തത്സമയ വിപണിയില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കണ്ടെത്താന്‍ കഴിഞ്ഞതോടെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനായത്. 

ഒക്ടോബര്‍ മാസം മുതല്‍ സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്നും, പുതിയ കരാറുകള്‍ക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

ഉഭയകക്ഷി കരാറുകളുടെ കുറവും വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിച്ചതും മൂലം സെപ്റ്റംബറില്‍ പീക്ക് സമയത്ത് 800 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് കേരളത്തിലുണ്ടായിരുന്നത്. 

മഴ കുറഞ്ഞത് ജലവൈദ്യുത പദ്ധതികളിലെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും, ഉയര്‍ന്ന വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലുണ്ടായ തടസ്സങ്ങളും പ്രതിസന്ധിയുടെ ആഴം കൂട്ടിയിരുന്നു.


അതിനിടയില്‍, വൈകിട്ട് 7 മുതല്‍ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തില്‍ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. 

വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗും വീടുകളില്‍ കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളും പകല്‍ സമയത്തേക്ക് മാറ്റണമെന്നും, എ.സി. താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കണമെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. അനാവശ്യമായ ദീപാലങ്കാരങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

Tags

Share this story

From Around the Web