സംസ്ഥാനത്ത് കനത്ത ചൂടും പാചകവാതക ക്ഷാമവും തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലേക്ക്. 5000 മെഗാവാട്ടിന് മുകളില്‍ രേഖപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും പാചകവാതക ക്ഷാമവും തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലേക്ക് ഉയരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പീക്ക് ടൈമിലെ (വൈകുന്നേരം) വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിന് മുകളിലാണ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 12-ന് ഉപഭോഗം 5352 മെഗാവാട്ടിലേക്ക് എത്തിയിരുന്നു.
ചൂട് വര്‍ധിച്ചതോടെ എസികളുടെയും ഫാനുകളുടെയും ഉപയോഗം കൂടിയതും, ഗ്യാസ് ക്ഷാമം മൂലം ഇന്‍ഡക്ഷന്‍ കുക്കറുകളെ കൂടുതല്‍ ആശ്രയിക്കുന്നതുമാണ് പെട്ടെന്നുള്ള ഈ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഈ വര്‍ഷം വൈദ്യുതി ഉപഭോഗം 5700 മെഗാവാട്ടിന് മുകളിലെത്താന്‍ സാധ്യതയുണ്ട്.
ഇങ്ങനെ സംഭവിച്ചാല്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ മുന്നറിയിപ്പ്.
കേരളത്തിന്റെ പരമാവധി ലൈന്‍ ശേഷി 5800 മെഗാവാട്ടാണ്. നിലവില്‍ പ്രതിദിനം 1600 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്.
ബാക്കി തുകയ്ക്ക് പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. കേന്ദ്ര വൈദ്യുതി അതോറിറ്റി അനുവദിച്ചിട്ടുള്ള പരിധി മറികടക്കുന്നത് വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.
വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉപഭോക്താക്കള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ വൈദ്യുതി വകുപ്പ് നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹന ചാര്‍ജിങ്, ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗം എന്നിവ പകല്‍ സമയത്തേക്ക് മാറ്റാന്‍ വകുപ്പ് ആവശ്യപ്പെടുന്നു.
ഇത്തരത്തില്‍ പകല്‍ സമയം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. പീക്ക് ടൈമിലെ അമിതഭാരം കുറയ്ക്കാന്‍ ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരും.