മാര്‍പാപ്പയുടെ അന്ത്യശാസനവും നിരാകരിച്ചു; SSPX പൗരോഹിത്യ കൂട്ടായ്മയ്ക്കെതിരെ വത്തിക്കാന്‍ നടപടി
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ അനുമതിയില്ലാതെ മെത്രാന്‍മാരെ വാഴിച്ച SSPX എന്ന പേരിലറിയപ്പെടുന്ന വിശുദ്ധ പത്താം പീയുസിന്റെ പൗരോഹിത്യ കൂട്ടായ്മ കത്തോലിക്ക സഭയില്‍ നിന്ന് സ്വമേധയാ ഉള്ള പുറത്താകലിന് വിധേയമായതായി വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിതൃസഹജമായ വാത്സല്യത്തോടെ ലിയോ 14-ാമന്‍ നടത്തിയ അവസാന അഭ്യര്‍ത്ഥനയും നിരാകരിച്ചു കൊണ്ടാണ് SSPX നേതൃത്വം നാല് മെത്രാന്‍മാരെ പുതിയതായി വാഴിച്ചത്. ഇതിന് പിന്നാലെ ഈ ചടങ്ങിന് നേതൃത്വം നല്‍കിയ രണ്ട് മെത്രാന്‍മാരെയും പുതിയതായി നിയമിക്കപ്പെട്ട നാല് മെത്രാന്‍മാരെയും സഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഡിക്രി വിശ്വാസകാര്യാലയങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പുറത്തിറക്കി.
ഇനി മുതല്‍ SSPX വൈദികര്‍ നടത്തുന്ന കുമ്പസാരവും വിവാഹവും ഉള്‍പ്പടെയുള്ള കൂദാശകള്‍ കത്തോലിക്കാ സഭയില്‍ അസാധുവായിരിക്കും. കത്തോലിക്കാ വിശ്വാസികള്‍ ആരും ഈ ഗ്രൂപ്പിന്റെ കുര്‍ബാനകളില്‍ പങ്കുചേരുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും വത്തിക്കാന്‍ വിലക്കിയിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്ന ഈ കൂട്ടായ്മയെ സഭയോട് ചേര്‍ത്ത് നിര്‍ത്താന്‍ വത്തിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. 'ക്രിസ്തീയമായ എല്ലാ വാത്സല്യത്തോടും സ്നേഹത്തോടും കൂടി, എന്റെ പൂര്‍ണ ഹൃദയത്തോടെ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്: ദയവായി ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയുക, തിരികെ വരിക' എന്ന ലിയോ 14-ാമന്‍ പാപ്പയുടെ സ്നേഹത്തോടെയുള്ള അവസാന അഭ്യര്‍ത്ഥനയും SSPX നേതൃത്വം തള്ളിക്കളയുകയായിരുന്നു.