പൊലീസ് സ്റ്റേജിൽ കയറി ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചു; പത്തനംതിട്ടയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി
പത്തനംതിട്ടയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചുവെന്ന് ആരോപണം. പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.അഭിരാം സുന്ദർ എന്ന യൂട്യൂബറിന്റെ ലാപ്ടോപ്പ് ആണ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ചത്.
ആഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. പൊലീസ് ലാപ്ടോപ്പ് ചവിട്ടിത്തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സ്റ്റേജിലേക്ക് കയറിയ പൊലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങൾ അടക്കം അഭിരാം സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് പൊലീസ് അതിക്രമത്തിൽ തകർന്നതായാണ് അഭിരാം സുന്ദറിന്റെ ആരോപണം. താൻ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ ലാപ്ടോപ്പ് ആണ് പോലീസ് ഉദ്യോഗസ്ഥൻ നശിപ്പിച്ചതെന്ന് അഭിരാം പറഞ്ഞു. ഇന്നലെ ഒരു രാത്രി ദിനം അച്ഛനും അമ്മയ്ക്കും ഒപ്പം പോലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്നെന്നും അഭിരാം പറഞ്ഞു. തനിക്കെതിരെ പോലീസ് കേസെടുത്തെന്ന് അഭിരാം പറഞ്ഞു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട പൊലീസ് രംഗത്തെത്തി. അടി ഉണ്ടായതോടെയാണ് ഇടപെട്ടത്. കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിച്ചു. നിശ്ചിത സമയത്തിന് ശേഷവും പുതുവത്സരാഘോഷ പരിപാടികൾ നീണ്ടു പോയി. സംഘാടകരും പരിപാടി കാണാൻ എത്തിയവരും തമ്മിൽ സംഘർഷം ഉണ്ടായി. ഇതിനിടയിൽ പോലീസ് ലാത്തിച്ചാർജ് നടത്തി. വിഷയം പരിശോധിക്കുമെന്ന് പത്തനംതിട്ട എസ്പി ആനന്ദ് പറഞ്ഞു.