'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി
തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനവും ഭീഷണിയുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഇടുക്കി കഞ്ഞിക്കുഴിയിൽ കർഷക സംഘം നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്.
"പൊലീസുകാർ ഞങ്ങൾക്ക് പുല്ലാണ്, പിന്നെയാണ് ഫോറസ്റ്റുകാർ. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ മര്യാദകേട് ഞങ്ങൾക്ക് സ്വീകരിക്കേണ്ടി വരും. ഞങ്ങൾ നിയമം കയ്യിലെടുക്കേണ്ടി വരും. നിയമം കയ്യിലെടുക്കുമ്പോൾ പിന്നെ 'മാങ്ങാത്തൊലി' എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ട് കേറാൻ വന്നാൽ, വരുന്നവരേയും ഞങ്ങൾ നേരിടും. അതിൽ ഒരു സംശയവുമില്ല," എം.എം. മണി പറഞ്ഞു.
പൊലീസുകാർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കുടുംബമുണ്ടെന്നും, തങ്ങളെ ആക്രമിക്കാൻ വന്നാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത് വെറും തമാശയല്ലെന്നും മണി കൂട്ടിച്ചേർത്തു.
റവന്യൂ ഭൂമി വനംവകുപ്പ് കയ്യേറുന്നതായും ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്നതായും ആരോപിച്ചാണ് മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക സംഘം മാർച്ച് നടത്തിയത്. ഈ പ്രതിഷേധത്തിനിടെയാണ് ഉദ്യോഗസ്ഥർക്കെതിരെ മണി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും എം.എം. മണി രൂക്ഷമായ പരിഹാസങ്ങൾ ഉന്നയിച്ചു.
സംസ്ഥാനത്ത് ഭരിക്കുന്ന പാർട്ടിയുടെ മുതിർന്ന നേതാവിൽ നിന്നും ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.