ഓണം ലഹരിമുക്തമാക്കാൻ പോലീസും എക്സൈസും പരിശോധനകൾ ശക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിരീക്ഷണത്തിന് നിർദേശ

 
excise

​കോട്ടയം: ഓണാഘോഷങ്ങളുടെ മറവിൽ ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും തടയാൻ പോലീസും എക്‌സൈസും നടപടികൾ കടുപ്പിച്ചു.

ആഘോഷ നാളുകളിൽ ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.


​ഓപ്പറേഷൻ 'തൂഫാൻ' ഓപ്പറേഷൻ തണ്ടർ പരിശോധനകൾ ലഹരി മാഫിയക്ക് തടയിട്ടെങ്കിലും, ഓണം ലക്ഷ്യമിട്ട് വീണ്ടും ലഹരിമരുന്നുകൾ എത്തിക്കാൻ സംഘങ്ങൾ സജീവമാണെന്നാണ് കണ്ടെത്തൽ.

 വിനോദസഞ്ചാരമേഖലയെ ബാധിക്കാത്ത രീതിയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാകും പരിശോധനകൾ. വലിയ റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് സംശയാസ്പദമായ നീക്കങ്ങളുണ്ടായാൽ ഉടൻ വിവരമറിയിക്കാൻ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


 മുൻകാലങ്ങളിൽ വ്യാജവാറ്റായിരുന്നു ഓണക്കാലത്തെ പ്രധാന ഭീഷണിയെങ്കിൽ, ഇപ്പോൾ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എ അടക്കമുള്ള രാസലഹരികളുമാണ് വിപണിയിൽ സജീവം. .ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പതിനായിരത്തോളം പേരെയാണ് പിടികൂടിയത്.

കിലോക്കണക്കിന് കഞ്ചാവ് സംസ്ഥാനത്തേക്ക് കടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പ്രത്യേക സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുൻപ് പിടിയിലായവരുടെ കൂട്ടാളികളും സ്ഥിരം കുറ്റവാളികളും നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്.

​ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ടൂറിസം സംരംഭകർക്കും ഉടൻ തന്നെ എക്സൈസ്, പോലീസ് അധികൃതരെ വിവരമറിയിക്കാവുന്നതാണ്.

Tags

Share this story

From Around the Web