സമയം കഴിഞ്ഞതിനാല്‍ പൈലറ്റ് സ്ഥലംവിട്ടു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. ജനങ്ങൾ പ്രതിഷേധിച്ചു

 
Air india

സമയം കഴിഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയതിനാല്‍ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മണിക്കൂറുകളോളം വൈകി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ദിവസം വൈകിട്ട് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയിരുന്നു. അതിനാൽ, പുലർച്ചെ 5.20നുള്ള ഈ വിമാനത്തിനായി കഴിഞ്ഞ ദിവസത്തെ യാത്രക്കാരുമുണ്ടായിരുന്നു.

ഇന്നലെ പോകേണ്ടവർ വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. സാങ്കേതിക തകരാറിനെ തുടർന്നാണ് റദ്ദാക്കിയത്. തുടർന്ന് ഇവർ തിരിച്ചുപോകുകയും പുലർച്ചെ എത്തുകയുമായിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി യാത്രക്കാർ വിമാനത്തിൽ കയറിയിരുന്ന് മണിക്കൂറുകൾ പിന്നിട്ടെങ്കിലും വിമാനം പുറപ്പെട്ടില്ല.


സമയം കഴിഞ്ഞതിനാൽ പൈലറ്റും ക്രൂവും ഇറങ്ങിപ്പോയെന്ന വിവരമാണ് യാത്രക്കാർക്ക് അറിയാൻ കഴിഞ്ഞത്. എന്നാൽ, ഇതുസംബന്ധിച്ച ഒരു വിവരവും എയർ ഇന്ത്യ എക്സ്‌പ്രസ്സ് അധികൃതർ നൽകിയിരുന്നില്ല. ഇതോടെ യാത്രക്കാർ രോഷാകുലരായി. പലരും സോഷ്യൽമീഡിയയിൽ ഇക്കാര്യം പങ്കുവച്ചു. അതേസമയം, ഗൾഫ് സെക്ടറിലേക്കുള്ള എയർ ഇന്ത്യ വിമാന യാത്രക്കാർ നിരന്തരം ഇത്തരം പ്രശ്നങ്ങൾ നേരിടാറുണ്ട്.

Tags

Share this story

From Around the Web