അബോര്ഷന് തൊട്ടുമുന്പ് എത്തിയ ഫോണ്കോള് വഴിത്തിരിവായി; ആ കുഞ്ഞ് ഇപ്പോള് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
വാഷിംഗ്ടണ് ഡിസി: തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ അബോര്ഷന് ചെയ്യാനായി പോകുന്നതിന് മിനിറ്റുകള്ക്ക് മുമ്പാണ് റൂത്തിനെ തേടി ആ ഫോണ് കോള് എത്തിയത്. ഒരു ക്രൈസ്തവ കൗണ്സിലറായിരുന്നു അങ്ങേ തലയ്ക്കല്.
ഗര്ഭച്ഛിദ്രത്തില് നിന്ന് പിന്തിരിയണമെന്നും കുഞ്ഞിനെ വളര്ത്താന് കഴിയില്ലെങ്കില് 'ഓപ്പണ് അഡോപ്ഷന്' വഴി ദത്ത് നല്കുന്നത് പരിഗണിക്കണമെന്നും ആ കൗണ്സിലര് റൂത്തിനോട് ആവശ്യപ്പെട്ടു. ഗര്ഭച്ഛിദ്രം മൂലമുണ്ടാകുന്ന ശാരീരിക-മാനസിക ആഘാതങ്ങളെക്കുറിച്ചും ആ കൗണ്സിലര് റൂത്തിന് പറഞ്ഞുകൊടുത്തു.
വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ കേറ്റി സക്കറിയുടെ അത്ഭുതകരമായ ജീവിതകഥ അവിടെ ആരംഭിക്കുകയായിരുന്നു. ആ ഒരൊറ്റ ഫോണ് കോളാണ് കേറ്റിയുടെ ജീവന് രക്ഷിച്ചത്. ഗര്ഭച്ഛിദ്രം നടക്കാന് വെറും 20 അല്ലെങ്കില് 30 മിനിറ്റുകള് മാത്രം ബാക്കിനില്ക്കെയാണ് ജീവന്റെ വഴിയേ നടക്കാന് അമ്മ തീരുമാനിച്ചതെന്നും, അതൊരു വലിയ 'അത്ഭുതമാണ്' എന്നും കേറ്റി പറയുന്നു. കുടുംബാംഗങ്ങളുടെ എതിര്പ്പുകള് മറികടന്ന് റൂത്ത് കുഞ്ഞിനെ പ്രസവിക്കാനും ദത്ത് നല്കാനും തീരുമാനിച്ചു. പിന്നീട് 18-ാം വയസില് സ്വന്തം അമ്മയെ നേരിട്ട് കണ്ടപ്പോഴാണ് കേറ്റി ഈ വിവരങ്ങള് അറിയുന്നത്.
'ആ നിമിഷത്തില് വന്ന ഒരു ഫോണ് കോളാണ് എന്റെ ജീവന് രക്ഷിച്ചത്. അതാണ് ജീവന്റെ മൂല്യത്തിന് വേണ്ടി ശബ്ദമുയര്ത്താന് എന്നെ പ്രേരിപ്പിക്കുന്നത്,' കേറ്റി പറഞ്ഞു.
നാല് മക്കളുടെ അമ്മയായ കേറ്റി ഇന്ന് ശക്തയായ ഒരു പ്രോ ലൈഫ് പ്രവര്ത്തക കൂടെയാണ്. ലോകത്തെ നിയന്ത്രിക്കുന്ന വൈറ്റ് ഹൗസിന്റെ പ്രസ് സെക്രട്ടറി എന്ന നിലയില് കേറ്റി ശ്രദ്ധാകേന്ദ്രമാകുമ്പോള് കേറ്റിയുടെ ജീവിതകഥയും പ്രോ-ലൈഫ് മൂല്യങ്ങളും ഒപ്പം ശ്രദ്ധിക്കപ്പെടുകയാണ്.
നിയമബിരുദധാരിയായ കേറ്റി മാധ്യമരംഗത്തും നിയമരംഗത്തും സജീവ സാന്നിധ്യമാണ്. ഗര്ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന 'വൈറ്റ് റോസ് റെസിസ്റ്റന്സ്' സംഘടനയുടെ ഉപദേശക സമിതി അംഗവുമാണ്. കുടുംബപരമായ കാരണങ്ങളാല് പദവി ഒഴിഞ്ഞ കരോലിന് ലീവിറ്റിന് പകരക്കാരിയായാണ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് കേറ്റിയെ പുതിയ പ്രസ് സെക്രട്ടറിയായി നിയമിച്ചത്.