കുരുമുളക് വിപണി വിളവെടുപ്പ് സീസണിലേക്ക് കടക്കുന്നു. റബര്‍ വിലയില്‍ മുന്നേറ്റം
സംസ്ഥാനത്തെ കുരുമുളക് വിപണി വിളവെടുപ്പ് സീസണിലേക്ക് കടക്കുന്നു. ആഗോള വിപണിയില്‍ നിലവില്‍ കുരുമുളകിന് മികച്ച വിലയുണ്ടെങ്കിലും, ഇന്ത്യന്‍ കര്‍ഷകര്‍ വിളവെടുപ്പ് ഊര്‍ജിതമാക്കുന്നതോടെ വില താഴുമെന്ന നിഗമനത്തിലാണ് യൂറോപ്യന്‍ വ്യാപാരികള്‍.
ഇടുക്കിയിലെ അടിമാലി മേഖലയില്‍ ഇതിനകം വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഈ മാസാന്ത്യത്തോടെ ഹൈറേഞ്ചിലെ മറ്റ് ഭാഗങ്ങളിലും വിളവെടുപ്പ് സജീവമാകുന്നതോടെ വിപണിയില്‍ കൂടുതല്‍ ചരക്ക് എത്തും.
ഇത് മുന്‍കൂട്ടി കണ്ട് വിദേശ ബയര്‍മാര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് അല്പം പിന്നോട്ട് മാറിയിട്ടുണ്ട്. നിലവില്‍ ടണ്ണിന് 8100 ഡോളറാണ് മലബാര്‍ മുളകിന്റെ വില. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് 71,700 രൂപയാണ് നിരക്ക്.
ഏലം വിപണിയില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. കാലാവസ്ഥ തുണയ്ക്കുന്നതിനാല്‍ ഫെബ്രുവരിയിലും വിളവെടുപ്പ് തുടരാനാകുമെന്നാണ് പ്രതീക്ഷ. വാരാന്ത്യ ലേലത്തില്‍ വന്ന 21,388 കിലോ ഏലക്കയും പൂര്‍ണ്ണമായി വിറ്റുപോയി എന്നത് ആഭ്യന്തര വിപണിയിലെ ഉണര്‍വ് വ്യക്തമാക്കുന്നു. മികച്ച ഇനങ്ങള്‍ക്ക് കിലോയ്ക്ക് 2956 രൂപ വരെ ലേലത്തില്‍ ലഭിച്ചു.
അതേസമയം, കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടിയായി ആഗോള വിപണിയില്‍ വില ഇടിയുകയാണ്. ടണ്ണിന് 10,000 ഡോളര്‍ വരെ ഉയര്‍ന്നിരുന്ന വില ഇപ്പോള്‍ 4900 ഡോളറിലേക്ക് കൂപ്പുകുത്തി.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിളവെടുപ്പ് തുടങ്ങാനിരിക്കുന്നത് വില ഇനിയും കുറയാന്‍ കാരണമാകുമെന്ന് ചോക്ലേറ്റ് വ്യവസായികള്‍ കണക്കുകൂട്ടുന്നു. കേരളത്തില്‍ പച്ച കൊക്കോയ്ക്ക് 140 രൂപയും കൊക്കോ പരിപ്പിന് 400 രൂപയുമാണ് ഇപ്പോഴത്തെ വില.
പാം ഓയില്‍ വിലയിലെ തളര്‍ച്ച വെളിച്ചെണ്ണ വിപണിയെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മലേഷ്യയില്‍ പാം ഓയില്‍ നിരക്ക് കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും ആവശ്യക്കാര്‍ കുറഞ്ഞു.
കാങ്കയത്ത് വെളിച്ചെണ്ണ വില 22,475 രൂപയായി താഴ്ന്നു. കൊച്ചിയില്‍ വെളിച്ചെണ്ണ ക്വിന്റലിന് 30,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
റബര്‍ വിപണിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ മാറ്റമാണ് കാണുന്നത്. വിപണിയില്‍ റബര്‍ ഷീറ്റിന്റെ ലഭ്യത കുറഞ്ഞതോടെ ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി.
നാലാം ഗ്രേഡ് ഷീറ്റിന് 19,100 രൂപയായും അഞ്ചാം ഗ്രേഡിന് 18,600 രൂപയായും വില വര്‍ധിച്ചിട്ടുണ്ട്.