ചുറ്റുമുള്ള ജനത്തോട് പലായനം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചു; ഗാസ ഇടവക വികാരിയുടെ വെളിപ്പെടുത്തല്‍

ഗാസ: പാലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതിയുമായി ഇസ്രായേല്‍ മുന്നോട്ട് പോകുന്നതിന് തെളിവുമായി ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി. തങ്ങള്‍ക്ക് ചുറ്റുമുള്ള ജനത്തോട് പലായനം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. മുഴുവന്‍ അയല്‍പക്കത്തെ ആളുകള്‍ക്കും ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവര്‍ക്കു ടെന്റുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി ഇറ്റാലിയന്‍ പത്ര ഏജന്‍സിയായ 'അന്‍സ'യോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാസ മുനമ്പിലെ ദശലക്ഷകണക്കിന് ആളുകള്‍ക്ക് എവിടെ നിന്ന് അവര്‍ക്ക് സ്ഥലം കണ്ടെത്താനാകും? എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ സമീപത്ത് ഒരു വലിയ സ്‌ഫോടനം കേട്ടു. ഭാഗ്യവശാല്‍, ആര്‍ക്കും ഒന്നും സംഭവിച്ചില്ല, ഭൗതിക നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈ 17നു ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം തേടിയ മൂന്ന് സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുകയും ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരിന്നു. വിവിധ മതവിശ്വാസികളായഎഴുനൂറോളം ആളുകള്‍ക്ക് അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി യുദ്ധമുഖത്ത് സാന്ത്വനം പകര്‍ന്നുകൊണ്ടിരിക്കുന്ന ഇടവകയാണ് ഹോളി ഫാമിലി ദേവാലയം.