‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’രണ്ടാം ഭാഗം; തനിക്കിത് സിനിമയല്ല ഹൃദയത്തോട് ചേര്‍ത്തുപിടിച്ച മിഷനാണെന്ന് മെല്‍ ഗിബ്സണ്‍
യേശുവിന്റെ പീഢാനുഭവ രംഗങ്ങളുടെ തനിമയാര്‍ന്ന ആവിഷ്‌കരണത്തിലൂടെ ലോകസിനിമാ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. യേശുവിന്റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചിത്രമാണ് ‘ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്’. യേശു തന്റെ അനുയായികളോടൊപ്പം ഒരു മലമ്പ്രദേശത്തുകൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയത്.
‘മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥ’ എന്ന് സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ വിശേഷിപ്പിക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് തിയേറ്ററുകളില്‍ എത്തുക. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ചിത്രത്തിന്റെ ഒന്നാം ഭാഗം 2027 മെയ് 6-നും, രണ്ടാം ഭാഗം 2028 മെയ് 25-നും തീയേറ്ററുകളിലെത്തും. ഒരു സിനിമ എന്നതിലുപരി, കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരു മിഷനാണിതെന്നും ജീവിതത്തിന്റെ വലിയൊരുഭാഗം ഇതിനായാണ് അധ്വാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറ്റലിയിലെ റോം, മാറ്റേര, ബാരി തുടങ്ങി വിവിധ നഗരങ്ങളിലായി 134 ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. റാണ്ടല്‍ വാലസും മെല്‍ ഗിബ്‌സണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ 30 മില്യണ്‍ ഡോളര്‍ ബജറ്റില്‍ നിര്‍മ്മിച്ച് 610 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടി ചരിത്രം കുറിച്ചിരുന്നു.